'ആരുകൂട്ടിയ വിഷമിത്, ശ്വാസമില്ലാ പുലരികൾ..'; ബ്രഹ്‌മപുരം തീപിടിത്തത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു
കവി എം. ആർ വിഷ്ണു പ്രസാദിന്റെ വരികൾ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ആർ.ശർമ്മിളയാണ്
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തെ ആസ്പദമാക്കി ഒരുങ്ങിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രഹ്‌മപുരം തീപിടിത്തം സംഭവിച്ച ദിവസങ്ങളിൽ കൊച്ചിയിലെ അന്തരീക്ഷം എത്ര ഭീകരവും മലിനവുമായിരുന്നു എന്നാണ് വീഡിയോ കാട്ടിത്തരുന്നത്.
കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം ഒരു തുടക്കം മാത്രമാണെന്നും ഇതിന് നാമെല്ലാം തുല്യ ഉത്തരവാദികളാണെന്നും ഏവരും സ്വയം തിരുത്തേണ്ട സമയമായിരിക്കുന്നു എന്നുമാണ് മ്യൂസിക് വീഡിയോ പറയുന്നത്. ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു കൂടിയുണ്ട് ഈ ഗാനം.
കവി എം. ആർ വിഷ്ണു പ്രസാദിന്റെ വരികൾ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ആർ.ശർമ്മിളയാണ്. രതീഷ് രവീന്ദ്രനാണ് ക്യാമറ, എഡിറ്റ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ബ്രഹ്‌മപുരം തീപിടിത്തത്തിനെതിരെ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിഷേധം മ്യൂസിക് വീഡിയോയിലൂടെ ഉണ്ടാകുന്നതും. തീ അണയ്ക്കാൻ അക്ഷീണം പ്രയത്നിച്ച അഗ്നിശമന സേനാംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകിയാണ് വീഡിയോ അവസാനിക്കുന്നതും.