ആറു ദിവസം കൊണ്ട് 100 കോടി ക്ലബില്‍; ദസറ സംവിധായകന് ബിഎംഡബ്ള്യൂ കാര്‍ സമ്മാനിച്ച് നിര്‍മാതാവ്
കരിംനഗറിൽ നടന്ന വിജയാഘോഷത്തിനിടെയാണ് ശ്രീകാന്തിന് കാര്‍ സമ്മാനിച്ചത്
ഹൈദരാബാദ്: തിയറ്ററിലെത്തി വെറും ആറു ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബിലെത്തിയിരിക്കുകയാണ് ദസറ. അടുത്തിടെ പുറത്തിറങ്ങിയ പല ബോളിവുഡ് ചിത്രങ്ങൾക്കും ദസറ കടുത്ത എതിരാളിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ വിജയത്തില്‍ നായകന്‍ നാനി ആരാധകരോട് നന്ദി പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീകാന്ത് ഒഡേലക്ക് ബിഎംഡബ്ള്യൂ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ് സുധാകര്‍ ചെറുകുരി.
കരിംനഗറിൽ നടന്ന വിജയാഘോഷത്തിനിടെയാണ് ശ്രീകാന്തിന് കാര്‍ സമ്മാനിച്ചത്. ടീമംഗങ്ങള്‍ക്ക് 10 ഗ്രാം സ്വര്‍ണനാണയങ്ങളും സമ്മാനിച്ചു. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് ദസറ. മാര്‍ച്ച് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.വ്യത്യസ്തമായ മേക്കോവറിലാണ് നാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് നായിക. സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.മലയാളം, തെലുങ്ക്, തമിഴ്, കന്നട, എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.
ചിത്രത്തെ പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അഭിനന്ദിച്ചിരുന്നു."കഠിനമായ ഭൂപ്രകൃതിക്കും അസംസ്‌കൃത കഥാപാത്രങ്ങൾക്കും ഇടയിൽ, ശ്രീകാന്ത് ഒഡെല ഹൃദയസ്‌പർശിയായ ഒരു പ്രണയകഥ കൈകാര്യം ചെയ്യുന്നു.നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. കീർത്തി അവളുടെ റോളിലൂടെ മികച്ചുനിന്നു," രാജമൗലി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ദസറയുടെ സ്ട്രീമിംഗ് അവകാശം രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കി.ചിത്രം എട്ട് ആഴ്ചകള്‍ക്കു ശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Our effort. Your gift 🙏🏼
— Nani (@NameisNani) April 5, 2023
Cinema wins ♥️#Dasara pic.twitter.com/Rn0VR6nFkL