നിറത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടു, ആളുകള്‍ വെറുത്തു; താനൊരു വിരൂപനായ നടനാണെന്ന് നവാസുദ്ദീന്‍ സിദ്ദീഖി

നമ്മുടെ രൂപം കാരണം ചിലര്‍ ഞങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല

Update: 2024-07-02 05:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ബോളിവുഡില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ചെറിയ കഥാപാത്രമാണെങ്കിലും സൂക്ഷ്മവും വ്യത്യസ്തവുമായ അഭിനയം കൊണ്ട് ആ വേഷത്തെ മികവുറ്റതാക്കുന്ന നടന്‍. എന്നാല്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പുതിയ കാലത്തില്‍ നിന്നും അവഗണനയുടെ ഒരു പഴയകാലം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ വിവേചനം അനുഭവിച്ചിരുന്നുവെന്നും ആളുകള്‍ തന്നെ വെറുത്തിരുന്നുവെന്നും സിദ്ദീഖി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''നമ്മുടെ രൂപം കാരണം ചിലര്‍ ഞങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നമ്മുടെ മുഖം ഇങ്ങനെ ആയത് കൊണ്ടാവാം. അത്രയും വിരൂപനല്ലേ. കണ്ണാടിയിൽ കാണുമ്പോൾ എനിക്കും ഇത് തോന്നാറുണ്ട്. ഇത്രയും വികൃതമായ മുഖവുമായി സിനിമാരംഗത്തേക്ക് വന്നത്? ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിക്കാറുണ്ട്. ഞാന്‍ സിനിമാരംഗത്ത ഏറ്റവും വിരൂപനായ നടനാണ്. എന്നാണ് എന്‍റെ വിശ്വാസം. കാരണം ആദ്യം മുതലെ ഞാനിത് കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഞാനും അങ്ങനെ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു'' സിദ്ധീഖി കൂട്ടിച്ചേര്‍ക്കുന്നു.

തനിക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകര്‍ക്ക് താരം നന്ദി പറഞ്ഞു. ''നിങ്ങള്‍ക്ക് അല്‍പമെങ്കിലും കഴിവുണ്ടെങ്കില്‍ സിനിമയില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സമൂഹത്തിലാണ് വിവേചനം, സിനിമയിലില്ല'' അദ്ദേഹം വിശദമാക്കി.

1999ൽ സർഫറോഷ് എന്ന ചിത്രത്തിലൂടെയാണ് നവാസുദ്ദീൻ അഭിനയരംഗത്തേക്ക് എത്തുന്നത്. ആമിര്‍ ഖാനും സൊനാലി ബിന്ദ്രെയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ തീവ്രവാദിയുടെ വേഷത്തിലാണ് സിദ്ദീഖിയെത്തിയത്. മുന്ന ഭായ് എംബിബിഎസ്, ബ്ലാക്ക് ഫ്രൈഡേ, ദേവ് തുടങ്ങിയ ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍‌ കൈകാര്യം ചെയ്തു. ഡി, കഹാനി, പാൻ സിംഗ് തോമർ, ഗാങ്‌സ് ഓഫ് വാസിപൂർ, തലാഷ്, കിക്ക്, ബജ്‌രംഗി ഭായിജാൻ, രാമൻ രാഘവ് 2.0, സേക്രഡ് ഗെയിംസ്, മാൻ്റോ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട സിനിമകള്‍.

തൻ്റെ ചിത്രമായ റൗതു കാ റാസിൻ്റെ പ്രമോഷന്‍ തിരക്കിലാണ് താരം. ചിത്രത്തില്‍ ഒരു പൊലീസുകാരന്‍റെ വേഷത്തിലാണ് എത്തുന്നത്. 15 വർഷമായി ഒരു കൊലപാതകത്തിനും സാക്ഷ്യം വഹിക്കാത്ത ഒരു നഗരത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.ചിത്രം ജൂണ്‍ 28ന് ഒടിടിയിലെത്തിയിരുന്നു. 





Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News