അരങ്ങൊഴിഞ്ഞത് അഭിനയകലയുടെ കുലപതി
മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ച വേണുവിന്‍റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു
മലയാള സിനിമയിലെ അല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതിലൊരാള്‍ നെടുമുടു വേണുവായിരിക്കും. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ച വേണുവിന്‍റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു.
അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. നായകന്‍,വില്ലന്‍,കൊമേഡിയന്‍ പ്രതിച്ഛായ നോക്കാതെ വേണു അഭിനയിച്ച വേഷങ്ങള്‍ കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചു. തേന്‍മാവിന്‍ കൊമ്പത്തിലെയും ചമ്പക്കുളം തച്ചനിലെയും ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലെയും വേണു അവതരിപ്പിച്ച വില്ലന്‍മാരെ പ്രേക്ഷകര്‍ അത്ര കണ്ടു വെറുത്തിരുന്നു. തേന്‍മാവിന്‍ കൊമ്പത്തിലെ തന്‍റെ കഥാപാത്രമായ ശ്രീകൃഷ്ണനെ സ്ത്രീകള്‍ക്ക് അത്ര വെറുപ്പായിരുന്നുവെന്ന് വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു വേണു അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രങ്ങളും ഇഷ്ടത്തിലെയും ബാലേട്ടനിലെയും അച്ഛന്‍മാരെ പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു.
സിനിമയില്‍ അദ്ദേഹം നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി. പാച്ചി എന്ന അപരനാമത്തിലായിരുന്നു വേണു തിരക്കഥ എഴുതിയത്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ, ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ വേണു തിരക്കഥ എഴുതിയ ചിത്രങ്ങളായിരുന്നു. തിലകന്‍,മാതു,വിഷ്ണു എന്നിവര്‍ അഭിനയിച്ച് 1989ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രം സംവിധാനം ചെയ്തത് നെടുമുടി വേണുവായിരുന്നു.