ഫാൽഗുനി പഥക്കിന്റെ ഹിറ്റ് ഗാനത്തിന് റീമേക്ക്: വ്യാപക വിമർശനം നേരിട്ട് നേഹ കാക്കർ
പാട്ടിന്റെ പൂർണ അവകാശം ഉണ്ടായിരുന്നുവെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നായിരുന്നു ഫാൽഗുനി പഥക്കിന്റെ പ്രതികരണം
ഇന്ത്യക്കാരുടെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട് ഫാൽഗുനി പഥക് എന്ന ഗായികയ്ക്കും അവർ പാടി ഹിറ്റാക്കിയ ആൽബം ഗാനങ്ങൾക്കും. മേനെ പായൽ ഹേ ഛന്കായി, അയോ രാമ, മേരീ ചൂനർ ഉഡ് ഉഡ് ജായേ എന്ന് തുടങ്ങി തൊണ്ണൂറുകളുടെ അവസാനത്തിൽ ഫാൽഗുനി പാടി പുറത്തിറങ്ങിയ ഗാനങ്ങളൊക്കെയും തലമുറകൾക്കിപ്പുറവും കോടിക്കണക്കിനാളുകളുടെ പേഴ്‌സണൽ ഫേവറിറ്റ്‌സ് ആണ്.
എന്നാലിപ്പോൾ മേനെ പായൽ ഹേ ഛന്കായി എന്ന് തുടങ്ങുന്ന ഗാനം റീമേക്ക് ചെയ്ത് വ്യാപക വിമർശനം നേരിടുകയാണ് ബോളിവുഡ് ഗായികയായ നേഹ കാക്കർ. 'ഓ സജ്‌ന' എന്ന പേരിലാണ് നേഹ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പാട്ട് കുളമാക്കിയെന്നും, പഴയ ഹിറ്റ് ഗാനങ്ങളെ ഇത്തരത്തിൽ റീമേക്ക് ചെയ്ത് നശിപ്പിക്കുന്നത് നിർത്തണമെന്നുമൊക്കെയാണ് പാട്ടിന്റെ വീഡിയോയ്ക്ക് താഴെ ഉയരുന്ന വിമർശനങ്ങൾ. പാട്ടിന്റെ പൂർണ അവകാശം ഉണ്ടായിരുന്നുവെങ്കിൽ താൻ നേഹക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നായിരുന്നു വിഷയത്തിൽ ഫാൽഗുനി പഥക്കിന്റെ പ്രതികരണം.
വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി നേഹ കാക്കറും രംഗത്തെത്തിയിട്ടുണ്ട്. താൻ സന്തോഷിക്കുന്നതും വിജയിക്കുന്നതും കണ്ട് അസന്തുഷ്ടരായവരോട് സഹതാപം തോന്നുന്നുവെന്നും തന്നെ ഒരിക്കലും നിരാശപ്പെടുത്താനാവില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച പോസ്റ്റിൽ നേഹ പറഞ്ഞു.
"വളരെ കുറച്ച് ആളുകൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങളാണ് എനിക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ളത്. അതും വളരെ ചെറിയ പ്രായത്തിൽ... ഈ പേരും പ്രശസ്തിയും, എണ്ണിയാലൊടുങ്ങാത്തത്ര ഹിറ്റ് ഗാനങ്ങളും,ടിവി ഷോകളും വേൾഡ് ടൂറുകളും, പ്രായഭേദമന്യേയുള്ള ആരാധകരും എന്നുവേണ്ട എനിക്കിന്നുള്ളതെല്ലാം എന്റെ കഴിവും,കഠിനാധ്വാനവും ഒക്കെ മൂലമുണ്ടായതാണ്. അതിനെല്ലാം ദൈവത്തിനോടും നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഏറ്റവും അനുഗ്രഹീതയായ കുട്ടിയാണ് ഞാൻ". നേഹ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
താൻ സന്തോഷിക്കുന്നത് കണ്ട് സങ്കടപ്പെടുന്നവർ കമന്റ് ചെയ്ത് സന്തോഷിക്കൂ, താൻ തടസ്സം നിൽക്കില്ല എന്നായിരുന്നു കുറച്ച് ദിവസം മുമ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നേഹ കുറിച്ചത്. താൻ കമന്റുകളൊന്നും ഡിലീറ്റ് ചെയ്യില്ലെന്നും ഇഷ്ടം പോലെ കമന്റ് ചെയ്‌തോളൂവെന്നും നേഹ കാക്കറിനെ ആളുകൾക്കറിയാമെന്നും നേഹ കൂട്ടിച്ചേർത്തിരുന്നു.
ഇക്കഴിഞ്ഞ പത്തൊമ്പതിനാണ് പാട്ട് യൂട്യൂബിലെത്തിയത്. നേഹയ്‌ക്കൊപ്പം പ്രിയാങ്ക് ശർമ, ധനശ്രീ വർമ എന്നിവരും ഗാനത്തിലുണ്ട്.