'പ്രതി പ്രണയത്തിലാണ്'; പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍
ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തു.
റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ 'മിഷന്‍ സി' ക്ക് ശേഷം 'പ്രതി പ്രണയത്തിലാണ്' എന്ന ക്രൈം ത്രില്ലറുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തു. വാഗമണിന്‍റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്.
മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പോലീസ് കഥകളിലും കുറ്റാന്വേഷണ രീതികളിലും നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു. ആക്ഷനും സസ്പെന്‍സും ത്രില്ലും ഒക്കെ നിറഞ്ഞ പോലീസ് സ്റ്റോറിയാണെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും മനുഷ്യന്‍റെ നിസ്സഹായതകളും അതിജീവനങ്ങളുമൊക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.
വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. താരനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുമെന്ന് പി.ആര്‍.ഒ പി.ആര്‍ സുമേരന്‍ അറിയിച്ചു.