തമിഴ്നാട്ടില്‍ വീണ്ടും ജോര്‍ജും മലരും; പ്രേമം റീ-റിലീസിന്

200 ദിവസങ്ങളിലേറെ ചെന്നൈയിലെ ഒരു തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു

Update: 2024-01-29 04:25 GMT
Editor : Jaisy Thomas | By : Web Desk

സായ് പല്ലവി/ നിവിന്‍ പോളി

Advertising

ചെന്നൈ: മലയാളികളും തമിഴരും ഒരുപോലെ കൊണ്ടാടിയ ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയും സായ് പല്ലവിയും ഒരുമിച്ച പ്രേമം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടില്‍ ചിത്രം റീ-റിലീസിനൊരുങ്ങുകയാണ്.

വാലൻ്റൈൻസ് ഡേയ്ക്കാണ് ഈ റൊമാൻ്റിക് ഡ്രാമ തിയറ്ററുകളിൽ വീണ്ടുമെത്തുന്നത്. 2016ലും 2017ലും ചിത്രം തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 200 ദിവസങ്ങളിലേറെ ചെന്നൈയിലെ ഒരു തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ചിത്രം ഒരിക്കലും തമിഴിൽ റീമേക്ക് ചെയ്യരുതെന്നും യഥാർത്ഥ പതിപ്പിനെ തങ്ങൾ അത്രമാത്രം സ്നേഹിക്കുന്നു എന്നും തമിഴ്‌നാട്ടിലെ ആരാധകർ പറഞ്ഞിരുന്നു.

2015 മേയ് 29ന് പ്രേമം തിയറ്ററുകളിലെത്തിയപ്പോള്‍ ആഘോഷത്തോടെയാണ് ചിത്രത്തെ മലയാളം ഏറ്റെടുത്തത്.പ്രേമം ഇറങ്ങി രണ്ടാം ദിവസം തന്നെ മൌത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നു.നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് പ്രേമം കടന്നു പോയത്. പറയത്തക്ക കഥയൊന്നുമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവ് പ്രേമത്തിനുണ്ടായിരുന്നു. ചിത്രത്തിലെ തമാശകള്‍ ഇന്നും ഹിറ്റാണ്. ആലുവാപ്പുഴയുടെ തീരത്ത് എന്ന പാട്ടാണ് ആദ്യം എത്തിയതെങ്കിലും മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന പാട്ടാണ് പിന്നീട് പ്രണയികളുടെ ഇഷ്ടഗാനമായി മാറിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് മലരേ എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നീ മൂന്നു നായികമാരെ സിനിമക്ക് സമ്മാനിച്ച ചിത്രമായിരുന്നു പ്രേമം.2016ല്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News