ആദിപുരുഷ് ടീസർ: വിവാദങ്ങളോട് രാമായണം ടീമിന് പറയാനുള്ളത്...
കാർട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്‌സ് എന്നാണ് ടീസറിനെതിരെ ഉയരുന്ന പ്രധാന പരിഹാസം
ടീസർ ഇറങ്ങിയത് മുതൽ വിവാദങ്ങളൊഴിയാത്ത ചിത്രമാണ് പ്രഭാസ് നായകനാകുന്ന ആദിപുരുഷ്. കണ്ടുപരിചിതമായ രാമായണ കഥാപാത്രങ്ങളിൽ നിന്നുള്ള വ്യത്യാസവും ചിത്രത്തിൽ വിഎഫ്എക്‌സിന്റെ ധാരാളിത്തവുമെല്ലാം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവച്ചു. കാർട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്‌സ് എന്നാണ് ടീസറിനെതിരെ ഉയരുന്ന പ്രധാന പരിഹാസം.
ഇപ്പോഴിതാ ടീസർ റിലീസിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് 87ൽ ദൂരദർശനിൽ വൻ ഹിറ്റായ, യഥാർഥ രാമായണം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രാമായണം സീരിയലിലെ അഭിനേതാക്കൾ.
ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിൽ ശ്രീരാമനായി വേഷമിട്ടിരുന്നത് അരുൺ ഗോവിലായിരുന്നു. ദീപിക ഛിഖ്‌ലിയ സീതയും സുനിൽ ലാഹ്‌രി ലക്ഷ്മണനായും എത്തി.ആദിപുരുഷിന്റെ ടീസർ രാമായണത്തിന്റെ കാലഘട്ടത്തിനോട് പൊരുത്തപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെന്നാണ് ഇവർ ഒരേ സ്വരത്തിൽ പറയുന്നത്.
"രാമായണം പോലൊരു വിഷയം തിരഞ്ഞെടുക്കുമ്പോൾ ആ കഥ നടന്ന കാലഘട്ടത്തിനോട് നീതി പുലർത്തണം. നമ്മൾ കണ്ടുവളർന്ന രാമായണത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആദിരുഷ് എന്നാണ് ടീസറിൽ നിന്നും മനസ്സിലാകുന്നത്. സാങ്കേതികവിദ്യ തീർച്ചയായും അവിഭാജ്യഘടകമാണ് ഏത് കാലത്തും... എന്നാൽ രാമായണത്തിന്റെ കാലഘട്ടത്തോട് ടീസറിലെ ദൃശ്യങ്ങൾ പൊരുത്തപ്പെട്ട് പോകുന്നില്ല..." പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിഖ്‌ലിയ പറഞ്ഞു.
ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് പത്ത് തലയുള്ള ലങ്കേഷ് എന്ന കഥാപാത്രമായി എത്തുന്നത്. താടിയും ക്രോപ്പ് ചെയ്ത മുടിയുമായി രാവണനെ ഇസ്ലാമികവത്കരിച്ച് കാട്ടുകയാണ് ചിത്രമെന്നാണ് ഉയർന്ന വിമർശനങ്ങളിൽ മറ്റൊന്ന്. രാമന് മീശയുണ്ട് എന്നതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
രാമന്റെയും രാവണന്റെയും രൂപം ആളുകൾ സ്വീകരിക്കാത്തതിന് പിന്നിൽ രാമാനന്ദ് സാഗറിന്റെ രാമായണത്തിന് വലിയ പങ്കുണ്ടെന്നാണ് സീരിയലിൽ ലക്ഷ്മണനായി വേഷമിട്ട സുനിൽ ലാഹ്‌രിയുടെ നിഗമനം. എന്നാൽ ട്രെയിലർ കണ്ടത് കൊണ്ട് മാത്രം ചിത്രത്തിനെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും കുറച്ച് ഭാഗങ്ങൾ മാത്രം കണ്ട് ചിത്രത്തിനെ വിലയിരുത്തരുതെന്നും ലാഹ്‌രി കൂട്ടിച്ചേർത്തു.