കേൾവിശക്തിയും സംസാരശേഷിയുമില്ല, ഓസ്‌കർ നിറവില്‍ ട്രോയ് കോറ്റ്‌സർ

നാഷണൽ തിയേറ്റർ ഫോർ ഡെഫിലൂടെയാണ് ട്രോയ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Update: 2022-03-28 02:49 GMT
Advertising

ഓസ്കര്‍ പുരസ്കാര നിറവില്‍ അമേരിക്കന്‍ താരം ട്രോയ് കോറ്റ്സര്‍. കോഡ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവുമായാണ് ട്രോയ് കോറ്റ്സര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഓസ്കർ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ബധിര അഭിനേതാവാണ് ട്രോയ്. മാർലി മാറ്റ്‌ലിനാണ് ആദ്യത്തെ ബധിര ഓസ്കാർ ജേതാവ്. 

തന്‍റെ പുരസ്കാരം ബധിര സമൂഹത്തിന് സമര്‍പ്പിക്കുന്നതായും ഇത് ഞങ്ങളുടെ നിമിഷമാണെന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങി ട്രോയ് വ്യക്തമാക്കിയത്. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്തയാളാണ് ട്രോയ്. 1968 ലായിരുന്നു ജനനം. മകന്‍റെ പരിമിതികള്‍ മനസിലാക്കിയ മാതാപിതാക്കള്‍ അവനെ ആംഗ്യ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. ഫീനിക്‌സ് ഡേ സ്‌കൂള്‍ ഫോര്‍ ഡെഫിലാണ് ട്രോയ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിയേറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്‌സില്‍ ബിരുദവും നേടി.


നാഷണല്‍ തിയേറ്റര്‍ ഫോര്‍ ഡെഫിലൂടെയാണ് ട്രോയ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2001 ലാണ് ടെലിവിഷന്‍ രംഗത്ത് കാലെടുത്തുവെക്കുന്നത്. 2007 ല്‍ ദ നമ്പര്‍ 23 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദ യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും ട്രോയ് വേഷമിട്ടു.

കോഡാ എന്ന ചിത്രത്തില്‍ ഫ്രാങ്ക് റോസി എന്ന കഥാപാത്രമായാണ് ട്രോയി അഭ്രപാളിയിലെത്തിയത്. സിയാൻ ഹെഡർ സംവിധാനം ചെയ്ത ചിത്രം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും നേടി. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News