വിക്കി-കത്രീന വിവാഹ ആല്‍ബത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രമുഖ ഒ.ടി.ടി കമ്പനി
അതെ സമയം ചടങ്ങുകളെല്ലാം രഹസ്യമായി നടത്താനാണ് വിക്കി- കത്രീന ജോഡികളുടെ തീരുമാനം
ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍- കത്രീന കൈഫ് എന്നിവരുടെ വിവാഹ വീഡിയോ ആല്‍ബത്തിന് പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോം 100 കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജയ്പൂരിലെ ഫോർട്ട് ബാർവാരയിലെ സിക്‌സ് സെൻസസ് ഫോര്‍ട്ട് റിസോർട്ടിൽ വെച്ചാണ് വിവാഹം. സംഗീത്, മെഹന്ദി ആഘോഷങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയാണ് വിഹാഹച്ചടങ്ങ്. മൂന്ന് ദിവസത്തെ ചടങ്ങുകൾക്കായി കത്രീനയും വിക്കിയും ജയ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സെലിബ്രൈറ്റി വിവാഹ ആല്‍ബവും ചിത്രങ്ങളും ചാനലുകള്‍ക്കും മാഗസിനുകള്‍ക്കും വില്‍പ്പന നടത്തുന്നത് ഹോളിവുഡില്‍ സാധാരണയാണ്. ഈ ട്രെന്‍ഡിന് ഇന്ത്യയില്‍ ആരംഭം കുറിക്കാനാണ് സ്ട്രീമിങ് പ്ലാറ്റ്ഫോമിന്‍റെ ഉദ്ദേശം. ഇരുവര്‍ക്കുമായി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി പിങ്ക് വില്ല റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇരുവരും സമ്മതം അറിയിച്ചാല്‍ വിവാഹ ചടങ്ങുകളുടെ മുഴുവന്‍ ചിത്രീകരണവും എഡിറ്റിങ്ങും അടക്കം സ്ട്രീമിങ് കമ്പനി ഏറ്റെടുക്കുമെന്നും ഒ.ടി.ടിയിലൂടെ പുറത്തുവിടുമെന്നും പറയുന്നു. കത്രീന കൈഫും വിക്കി കൗശലുമാണ് ഇനി തീരുമാനമെടുക്കേണ്ടത്. തങ്ങള്‍ക്ക് മുമ്പില്‍ വെച്ച ഓഫറുമായി ഇരുവരും മുന്നോട്ടുപോകാനാണ് സാധ്യതയെന്നും വിവാഹ കൊട്ടാരത്തിനകത്ത് വെച്ച് നടക്കുന്ന കാര്യങ്ങള്‍ ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെ സമയം ചടങ്ങുകളെല്ലാം രഹസ്യമായി നടത്താനാണ് വിക്കി- കത്രീന ജോഡികളുടെ തീരുമാനം. നേരത്തെ നൽകിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമെ വിവാഹ സ്ഥലത്തേക്ക് അതിഥികൾക്ക് എത്തിച്ചേരാൻ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്ത് പറയില്ലെന്ന ഉടമ്പടിയിലും അതിഥികൾ ഒപ്പുവെയ്ക്കണം. റിസോർട്ടിനുള്ളിലേക്ക് ഫോൺ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടില്ല. സൽമാൻ ഖാന്‍റെ ബോഡിഗാർഡ് ഗുർമീത് സിങ്ങിന്‍റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും.
വിവാഹത്തിന് 120 അതിഥികളാണ് എത്തുക. ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയേക്കും.