'അഞ്ചാറ് കൊല്ലം കഴിഞ്ഞാല്‍ മമ്മൂട്ടിയില്‍ നിന്ന് ആക്ഷന്‍ പ്രതീക്ഷിക്കണ്ട, അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം' രാജാധിരാജ കണ്ടിറങ്ങിയപ്പോള്‍ കേട്ടത്; കുറിപ്പ്
ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി
വൈശാഖിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ 'ടര്‍ബോ' മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ലെന്ന് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പത്മകുമാറിന്‍റെ കുറിപ്പ്
2014ൽ ആണ്.. 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്‍റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട.. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം..
അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ 'ടര്‍ബോ' കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്‍റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടർബോ' വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: 'പത്തല്ല സുഹൃത്തേ ,ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്.. 'നൻപകൽ നേരത്തു മയക്ക'വും 'കാതലും' ‘ഭ്രമയുഗ'വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷന്‍ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മുക്കയേ ഉള്ളു; ഒരേയൊരു മമ്മുക്ക