ആറാടി പാപ്പൻ; അഞ്ചു കോടി കടന്ന് സുരേഷ് ഗോപി ചിത്രം
ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലറാണ് പാപ്പൻ
തിയേറ്ററുകളിലേക്ക് പ്രേക്ഷകരെത്തുന്നില്ലെന്ന നിർമാതാക്കളുടെ ആശങ്കയ്ക്കിടെ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടു ദിവസത്തിനിടെ നേടിയത് അഞ്ചു കോടി രൂപ. കേരളത്തിൽനിന്നു മാത്രമുള്ള കണക്കാണിതെന്ന് എന്റർടൈൻമെന്റ് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസ് റിപ്പോർട്ടു ചെയ്യുന്നു. ശനിയാഴ്ച അണിയറക്കാർ പുറത്തുവിട്ട പോസ്റ്റർ പ്രകാരം ചിത്രം 3.16 കോടി രൂപയാണ് ആദ്യദിനം നേടിയത്. ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്.
ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലറാണ് പാപ്പൻ. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
സിനിമകളുടെ ഉത്പാദനച്ചെലവിന്റെ നാലിലൊന്നു പോലും തിയേറ്ററുകളിൽ നിന്ന് തിരിച്ചുകിട്ടുന്നില്ല എന്നായിരുന്നു നിർമാതാക്കളുടെ പരാതി. വർഷം ശരാശരി 200 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. ശരാശരി 3.5 കോടി രൂപ ഉത്ദപാദനച്ചെലവു കണക്കാക്കിയാൽ ഇത്രയും ചിത്രങ്ങൾക്കായി 700 കോടി രൂപയാണ് മുതൽമുടക്ക്. എന്നാൽ നൂറു കോടി രൂപ പോലും തിയേറ്ററുകളിൽ നിന്ന് കലക്ഷൻ ലഭിക്കുന്നില്ല എന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.