നടനും ഓസ്കര്‍ ജേതാവുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു
1950കളിലും 60കളിലും മികച്ച വേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവാണ് സിഡ്നി
ഹോളിവുഡ് നടനും സംവിധായകനും ഓസ്കര്‍ പുരസ്കാര ജേതാവുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു. 94 വയസായിരുന്നു.ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. 1950കളിലും 60കളിലും മികച്ച വേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവാണ് സിഡ്നി.
1958 ലെ 'ദി ഡിഫിയന്‍റ് വൺസ്' എന്ന ചിത്രത്തിലൂടെ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരനായിരുന്നു സിഡ്നി. ആറ് വർഷത്തിന് ശേഷം 'ലിലീസ് ഓഫ് ദി ഫീൽഡ്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ഓസ്കാർ കയ്യിലൊതുക്കുകയും ചെയ്തു. അമേരിക്കയില്‍ വംശവിവേചനം നടമാടിയിരുന്ന കാലത്ത് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ സ്റ്റീരിയോടൈപ്പുകളെ പരിഹസിക്കുന്നതായിരുന്നു. മിനിസ്ക്രീനില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്‍റ് നെൽസൺ മണ്ടേല, യു.എസ് സുപ്രീം കോടതിയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ ജസ്റ്റിസ് തുർഗുഡ് മാർഷൽ തുടങ്ങിയവരെ അവതരിപ്പിച്ചു. 2009ൽ ബരാക് ഒബാമ അദ്ദേഹത്തിന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചിട്ടുണ്ട്.