''ഇത് വല്യ കച്ചവടമാണ്! ബിഗ് ഡീലാണ്! ഒറ്റ നോട്ടത്തിൽ "സുഖലോലുപത" എന്ന ആരും കൊതിക്കുന്ന പ്ലാനാണ്''
എന്തിനെതിർക്കണം എന്ന് ഒരു നിമിഷം ആരും ചിന്തിച്ച് പോകും! ശരിയല്ലേ? വൈൻ പോലും കിട്ടാതെ മണ്ടൻ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപെന്ന്!
സേവ് ലക്ഷദ്വീപ് ക്യാമ്പയിന് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഷഹബാസ് ഫേസ്ബുക്കില്‍ കുറിച്ചു
ഷഹബാസ് അമന്‍റെ കുറിപ്പ്
എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികൾക്കൊപ്പം നിൽക്കേണ്ട സമയമാണിത്! പ്രിയ പൃഥ്വിരാജും ഗീതു മോഹൻ ദാസും മറ്റനേകം പേരും വ്യക്തി തലത്തിൽത്തന്നെ ഐക്യദാർഡ്യവുമായി മുന്നോട്ട് വന്നത് വളരെ വലിയൊരു കാര്യമാണു! ഇപ്പോൾ കൂടെ നിന്നില്ലെങ്കിൽ, ഈ പ്രതിസന്ധി ഘട്ടത്തിന്‍റെ തുടക്കത്തിൽത്തന്നെ തക്കവിധം ആരും അവരെ സഹായിച്ചില്ലെങ്കിൽ, ഒരു പക്ഷേ എത്ര ശാന്തരാണെങ്കിലും നാളെ,മറ്റന്നാൾ അവർക്കും ശത്രുക്കൾക്കെതിരിൽ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാം! അപ്പോൾ തുല്യദുഖിതരായ ആരെങ്കിലും (അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികൾ എന്നാണറിയപ്പെടുന്നത്) അവരെ അതിൽ സഹായിച്ചെന്നുമിരിക്കും! അന്ന് 'നിസ്പക്ഷരായി' പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് "ചാന്തരുടെ തനിക്കൊണം കണ്ടേ" എന്ന്!
എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന 'സേവ് ലക്ഷദ്വീപ്' എന്ന ഒരു ഹാഷ് ടാഗ് മതിയാകുമായിരിക്കാം ഒരുപക്ഷേ ഇന്ന് അവരെ രക്ഷിക്കാൻ! അറിയില്ല! നാളത്തെക്കാര്യം തീരെ ഉറപ്പില്ല! കാരണം ഇത് വല്യ കച്ചവടമാണ്! ബിഗ് ഡീലാണ്! ഒറ്റ നോട്ടത്തിൽ "സുഖലോലുപത" എന്ന ആരും കൊതിക്കുന്ന പ്ലാനാണ് പശ്ചാത്തലത്തിൽ! എന്തിനെതിർക്കണം എന്ന് ഒരു നിമിഷം ആരും ചിന്തിച്ച് പോകും! ശരിയല്ലേ? വൈൻ പോലും കിട്ടാതെ മണ്ടൻ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപെന്ന്! പ്രദേശത്ത് 99 ശതമാനവും മുസ്ലിംകളാണെന്ന് കൂടി അറിയുകയാൽ സ്വാഭാവികമായും വേറെയുമുണ്ടാകാം ചില ദുഷ്ട ആലോചനകൾ! വെറുതെ ഇവിടെ ഊഹിക്കുന്നില്ല! അങ്ങനെ ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയാണു സയണിസ്റ്റുകളുടെയും ഫാഷിസ്റ്റുകളുടെയുമൊക്കെ എക്കാലത്തെയും കറകളഞ്ഞ ഇൻവസ്റ്റ്‌മെന്റും ഇന്ധനവും എന്നറിയാമല്ലൊ!
നോക്കൂ! ലോകമുതലാളിത്വവും (വിരലിലെണ്ണാവുന്നവർ) അവരുടെ രാഷ്ട്രീയ ഇടനിലക്കാരുമാണു ഒരു വശത്ത്! സുഖ വിഹിതം പറ്റാൻ വേറെ ആരൊക്കെയുണ്ടാകും ചുറ്റിനും എന്നൂഹിക്കുവാൻ പോലും കഴിയില്ല! ഇതിനോടൊക്കെ വേണം ഒരു പാവം ജനതക്ക് പിടിച്ച് നിൽക്കാൻ! എളുപ്പമല്ല.ഹൃദയമുള്ള മനുഷ്യരുടെ വിഭാഗീയതയില്ലാത്ത പിന്തുണകൊണ്ട് മാത്രമേ അവർക്ക് എന്തെങ്കിലും ചെയ്യാനാവുന്നുണ്ടാവുകയുള്ളു! തൽസ്ഥാനത്ത് നാളെ ആരുമാവാം!
പ്രിയരേ..ഓരോ ജനതയും അവരവരായിരിക്കട്ടെ! സമാധാനവും സന്തോഷവും എല്ലാവരും അർഹിക്കുന്നു! പരസ്പരം സ്നേഹിക്കാം നമുക്ക്.പരസ്പരം വെറുക്കാതിരിക്കാം! ആരെയും നശിപ്പിക്കാതിരിക്കാം! അൽപ്പം കൂടി കരുണയുള്ളവരായിരിക്കാം.സമയം വല്ലാതെ വൈകിയിരിക്കുന്നു..
#savelakshadweep
എല്ലാവരോടും നിറയേ സ്നേഹം