'ദയവായി എനിക്ക് അവസരം നൽകരുത്, നൽകിയാൽ നിങ്ങളുടെ ആൽഫ പുരുഷ നായകൻമാർ ഫെമിനിസ്റ്റായി മാറും'; കങ്കണ
പല സിനിമകളിലെയും കങ്കണയുടെ പ്രകടനം തനിക്ക് ഇഷ്ടപ്പെട്ടിരുന്നെന്നും അതുകൊണ്ട് അനിമലിനെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞാൽ തനിക്ക് പ്രശ്നമില്ലെന്നുമാണ് അനിമലിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായത്തോട് സന്ദീപ് പ്രതികരിച്ചത്
മുംബൈ: കഴിഞ്ഞവർഷം ഹിറ്റ്ലിസ്റ്റിൽ ഇടംപിടിക്കുകയും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ചിത്രമാണ് രൺബീർ കപുർ പ്രധാനവേഷത്തിലെത്തിയ അനിമൽ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രമേയത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ വയലൻസും സ്ത്രീവിരുദ്ധതയുമാണ് വൻ തോതിൽ വിമർശനങ്ങൾക്ക് കാരണമായത്.
ചലച്ചിത്രതാരം കങ്കണയും സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് ചിത്രത്തിന്‍റെ സംവിധായകൻ തന്നെ മറുപടിയുമായി എത്തിയിരുന്നു. നിരൂപണവും വിമർശനവും ഒരുപോലയല്ലെന്നും ദയവായി എനിക്ക് അവസരം നൽകരുത്, നൽകിയാൽ നിങ്ങളുടെ ആൽഫ പുരുഷ നായകൻമാർ ഫെമിനിസ്റ്റായി മാറും. അങ്ങനെയായാൽ പിന്നെ താങ്കളുടെ സിനിമകള്‍ പാരജയപ്പെടുമെന്നാണ് കങ്കണ പറഞ്ഞത്. സന്ദീപ് ഇനിയും ബ്ലോക്ക് ബസ്റ്ററുകള്‍ നിർമിക്കണമെന്നും നിങ്ങളെ സിനിമക്ക് ആവശ്യമാണെന്നും കങ്കണ എക്സിൽ കുറിച്ചിരുന്നു.
എന്‍റെ പക്കൽ ഒരു കഥാപാത്രമുണ്ടാകുകയും കങ്കണ ആ കഥാപാത്രത്തിന് ഉതകുമെന്ന് എനിക്ക് തോന്നുകയും ചെയ്യുകയാണെങ്കിൽ താൻ ഉറപ്പായും പോയി കഥ പറയുമെന്നും പല സിനിമകളിലെയും കങ്കണയുടെ പ്രകടനം തനിക്ക് ഇഷ്ടപ്പെട്ടിരുന്നെന്നും അതുകൊണ്ട് അനിമലിനെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞാൽ തനിക്ക് പ്രശ്നമില്ലെന്നുമാണ് അനിമലിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായത്തോട് സന്ദീപ് പ്രതികരിച്ചത്. ഒൻപത് ദിവസം കൊണ്ട് 700 കോടി രൂപയാണ് അനിമൽ നേടിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തറും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. "ഏത് തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചാൽ സമൂഹത്തിന്റെ കയ്യടി കിട്ടുമെന്ന് ഇന്നത്തെ യുവ സംവിധായകർക്ക് മനസിലാകുന്ന ഒരു പരീക്ഷണ സമയമാണിതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ, ഒരു പുരുഷൻ സ്ത്രീയോട് തന്റെ ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയോ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുകയോ ചെയുന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുന്ന പ്രവണത അപകടകരമാണ്" എന്നായിരുന്നു അനിമലിന്റെ പേരെടുത്ത് പറയാതെ ജാവേദ് അക്തർ പറഞ്ഞത്.
ജാവേദ് അക്തറിന് മറുപടിയുമായി അനിമൽ ടീം തന്നെ രംഗത്തുവന്നിരുന്നു."നിങ്ങളിലെ നിലവാരമുള്ള എഴുത്തുകാരന് ഒരു കാമുകൻ നേരിട്ട വഞ്ചന മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങളുടെ കലാസൃഷ്ടികളെല്ലാം വ്യാജമാണ്. പുരുഷനാൽ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയാണ് തന്റെ ഷൂ നക്കാൻ പുരുഷനോട് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ ഫെമിനിസം എന്ന് വിളിച്ച് നിങ്ങൾ ആഘോഷിച്ചേനെ. പ്രണയം ലിംഗ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകട്ടെ. അവരെ പ്രണയിനികൾ എന്നുമാത്രം വിളിക്കാം" എന്നായിരുന്നു അനിമൽ ദി ഫിലിം ടീം തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചത്.