'കുഞ്ഞു മിലന്റെ പാട്ട് കണ്ണുനനച്ചു...' പാടാൻ അവസരവുമായി സംവിധായകൻ പ്രജേഷ് സെൻ

മിലൻ ക്ലാസ് മുറിയിൽ ആലപിച്ച ഗാനം അധ്യാപകൻ പ്രവീണാണ് റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

Update: 2022-07-17 10:56 GMT
Advertising

വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളേ...എന്നു തുടങ്ങുന്ന ഗാനമാലപിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തൃശൂർ സ്വദേശി മിലന്‍. എട്ടാം ക്ലാസുകാരനായ മിലനെ തേടി വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. മിലന് സിനിമയില്‍ പാടാനുള്ള അവസരവുമായാണ് വെള്ളത്തിന്‍റെ സംവിധായകന്‍ പ്രജേഷ് സെന്‍ രംഗത്തെത്തിയിരിക്കുന്നത്. 

മിലന്റെ ശബ്ദം കണ്ണുനനയിച്ചെന്നും അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കുമെന്നുമാണ് പ്രജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. വീഡിയോ പകര്‍ത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചെന്നും പ്രജേഷ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ...എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.

കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട് .ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു.

സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

മിലന് ആശംസകൾ.

Full View

പ്രജേഷിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായി 2021ലാണ് റിലീസ് ചെയ്ത ചിത്രമാണ് വെള്ളം. മിലന്‍ ക്ലാസ് മുറിയില്‍ ആലപിച്ച ഗാനം അധ്യാപകൻ പ്രവീണാണ് റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് പാട്ട് വൈറലാവുകയും ചെയ്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News