ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു; നിറഞ്ഞ കൈയ്യടികള്‍ക്ക് നടുവില്‍ നഞ്ചിയമ്മയുടെ പുരസ്കാര സമര്‍പ്പണം

സദസ്സ് മുഴുവന്‍ എഴുന്നേറ്റു നിന്നാണ് നഞ്ചിയമ്മയെ ആദരിച്ചത്

Update: 2022-09-30 14:35 GMT
Editor : ijas
Advertising

ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്കാര വിതരണ ചടങ്ങ് നടക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ചടങ്ങില്‍ അതിഥിയായിരുന്നു. മികച്ച നടിക്കുള്‍പ്പെടെ എട്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.

മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം അപര്‍ണ ബാലമുരളി സ്വീകരിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 'സുരറൈ പോട്രി'ന്‍റെ സംവിധായിക സുധ കൊങ്കര ഏറ്റുവാങ്ങി. സഹനടനുള്ള പുരസ്കാരം ബിജുമേനോനും മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയും ഏറ്റുവാങ്ങി. നിറഞ്ഞ കൈയ്യടികള്‍ക്ക് നടുവിലാണ് നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത്. സദസ്സ് മുഴുവന്‍ എഴുന്നേറ്റു നിന്നാണ് നഞ്ചിയമ്മയെ ആദരിച്ചത്. സ്വാഗത പ്രസംഗത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുരസ്കാര നേട്ടത്തില്‍ അഭിമാനമുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Full View

മികച്ച സംവിധായകനുള്ള പുരസ്കാരം അന്തരിച്ച സച്ചിക്ക് വേണ്ടി ഭാര്യ സിജി സച്ചി സ്വീകരിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിന്‍റെ നിര്‍മാതാവ് പുഷ്കര്‍ എം ഏറ്റുവാങ്ങി. വാങ്ക് സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം സംവിധായിക കാവ്യ പ്രകാശും ഏറ്റുവാങ്ങി. സംഘട്ടനം-മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും), ഓഡിയോഗ്രഫി-വിഷ്ണു ഗോവിന്ദ് (മാലിക്), സിനിമാ പുസ്തകം-അനൂപ് രാമകൃഷ്ണന്‍ (എം.ടി. അനുഭവങ്ങളുടെ പുസ്തകം), ഛായാഗ്രഹണം -നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ), വിദ്യാഭ്യാസചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (സംവിധാനം: നന്ദന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ - അനീസ് നാടോടി (കപ്പേള) എന്നിവരും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം(2020) ആശാ പരേഖ് ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ് തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ആശാ പരേഖ് 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡ് അധ്യക്ഷയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News