കറുത്ത പട്ടി, പിറകില്‍ പോയി നില്‍ക്ക്; നിറത്തിന്‍റെ പേരില്‍ തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് രാഘവ ലോറന്‍സ്

ജി​ഗർതണ്ട ഡബിള്‍ എക്സ് എന്ന ചിത്രത്തിന്‍റെ പ്രസ് മീറ്റിലാണ് നിറത്തിന്‍റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് താരം മനസ് തുറന്നത്.

Update: 2023-11-09 05:50 GMT
Editor : Jaisy Thomas | By : Web Desk

രാഘവ ലോറന്‍സ്

Advertising

ചെന്നൈ: കരിയറിന്‍റെ തുടക്കകാലത്ത് നിറത്തിന്‍റെ പേരില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടുണ്ടെന്ന് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ജി​ഗർതണ്ട ഡബിള്‍ എക്സ് എന്ന ചിത്രത്തിന്‍റെ പ്രസ് മീറ്റിലാണ് നിറത്തിന്‍റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് താരം മനസ് തുറന്നത്.

കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് "ഇപ്പോഴതില്ല. ഞാൻ ​ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാൻ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് മാത്രമാണ് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് " ലോറന്‍സ് പറഞ്ഞു.

ഒരു നടന്‍റെ നിറത്തെക്കുറിച്ച് സിനിമാ മേഖലയിലെ ആളുകൾ അഭിപ്രായങ്ങൾ പറയുകയും എംജിആർ, കമൽഹാസൻ തുടങ്ങിയ ഇതിഹാസ നടന്മാരുമായി താരതമ്യപ്പെടുത്തുകയും ചെയ്ത കാലമുണ്ടായിരുന്നുവെന്ന് ലോറന്‍സ് ഗലാട്ടപ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്രൂപ് ഡാൻസുകളിൽ പോലും ഇരുണ്ട ചർമ്മമുള്ളവരെക്കാൾ വെളുത്ത നിറത്തിലുള്ളവര്‍ക്കായിരുന്നു മുന്‍ഗണന. "അതെ, എന്റെ ജീവിതത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ പതിവ് തെറ്റിച്ചയാളാണ് തലൈവർ. അക്കാലത്ത് ഒരു കറുത്ത നിറക്കാരന്‍ നായകനായി 'സൂപ്പർസ്റ്റാർ' റേഞ്ചിലേക്ക് ഉയർന്ന് ഞങ്ങൾക്ക് എല്ലാവിധ ആത്മവിശ്വാസവും നൽകി.'' രാഘവ ലോറന്‍സ് പറയുന്നു.

കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ജിഗര്‍തണ്ട ഡബിള്‍ എക്സില്‍ രാഘവ ലോറന്‍സ് പാണ്ഡ്യന്‍ എന്ന ഗ്യാങ്സ്റ്ററെയാണ് അവതരിപ്പിക്കുന്നത്. എസ്.ജെ സൂര്യയാണ് മറ്റൊരു നായകന്‍. 1975ലാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News