'റഹീമുൻ അലീമുൻ ഗഫാറുൻ സത്താറുൻ': മാലികിലെ ഹൃദയം തൊട്ട ഗാനത്തിന്‍റെ പൊരുളെന്ത്? ഗാനരചയിതാവ് സമീര്‍ ബിന്‍സി പറയുന്നു...
സിനിമയുടെ ക്ലൈമാക്സിനോടടുപ്പിച്ച് വരുന്ന 'റഹീമുന്‍ അലീമുന്‍' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങിയ മാലിക് സിനിമയിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമ പുറത്തിറങ്ങും മുന്നേ 'തീരമേ...' എന്ന ഗാനമാണ് ഹിറ്റായിരുന്നതെങ്കില്‍ മാലിക് സിനിമ കണ്ട മിക്കവരും തിരഞ്ഞത് സിനിമയുടെ ക്ലൈമാക്സിനോടടുപ്പിച്ച് വരുന്ന 'റഹീമുന്‍ അലീമുന്‍' എന്ന ഗാനമാണ്. മലയാള പിന്നണി ഗായകനും സൂഫി മിസ്റ്റിക് സംഗീതധാരയിലൂടെ ശ്രദ്ധേയനുമായ സമീർ ബിൻസിയാണ് ഗാനത്തിന് വരികളെഴുതിയത്. സമീര്‍ ബിന്‍സിയും സുഹൃത്തും സൂഫി ഗായകനുമായ ഇമാം മജ്‍ബൂര്‍, ഹാദി, മിഥുലേഷ് ചോലക്കല്‍, സിനാന്‍ എന്നിവരാണ് ഗാനം ആലപിച്ചത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.
വരികളുടെ അര്‍ത്ഥം സമീര്‍ ബിന്‍സി വിശദീകരിക്കുന്നതിങ്ങനെ:
1 - റഹീമുൻ അലീമുൻ ഗഫാറുൻ സത്താറുൻ
ഹകീമുൻ ശകൂറുൻ ഖുദ്ദൂസുൻ സുബ്ബൂഹുൻ
2 - അൽ മൗതു ഫീ അംനിസ്സ്വദ് രി ഹലാവ:
അസ്സയ്റു ലിൽ ഹഖി ഫിസ്സയ്റി ഹബീബ:
വിശുദ്ധ ദിവ്യനാമങ്ങൾ - കരുണ, അറിവ്, പൊറുക്കൽ, ഗൂഢത, ജ്ഞാനം, വിശുദ്ധി, ഐശ്വര്യം) +
ഉൾനെഞ്ച് നിർഭയത്വത്തിലായിരിക്കെ മരണമെന്നത് മധുരം !
പൊരുളിലേക്കുള്ള പ്രയാണമെന്നാൽ, പ്രണയിയുടെ യാത്ര(യിൽ) തന്നെയാകുന്നു.."
رحيم عليم غفار ستّار...
حكيم شكور قدوس سبّوح...
ألموت في أمن الصَدْرِ حلاوة...
ألسير للحق في سير حبيبة...
ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച മൂന്നാമത്തെ ചിത്രമായിരുന്നു മാലിക്. കോവിഡിന് ശേഷമുള്ള ഫഹദ് ഫാസിലിന്‍റെ നാലാമത്തെ ഒ.ടി.ടി ചിത്രം എന്ന സവിശേഷതയും മാലികിനുണ്ട്. ജൂലൈ 15ന് റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലില്‍ തിയറ്ററില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയോടെയാണ് റിലീസ് നീണ്ട് ഒ.ടി.ടിയില്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.