'ഞാൻ ഫാത്തിമയാണ്; എന്നെ രാഖി എന്നു വിളിക്കരുത്'; ആദ്യ ഉംറ വിശേഷങ്ങൾ പങ്കുവച്ച് നടി
എല്ലാവർക്കും സന്തോഷം ലഭിക്കാന്‍ താൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഉംറ നിർവഹിച്ച ശേഷം നടി ഫാത്തിമ സാവന്ത്
റിയാദ്: മതംമാറ്റത്തിനുശേഷം ആദ്യ ഉംറ നിർവഹിച്ച് നടി രാഖി സാവന്ത് എന്ന ഫാത്തിമ സാവന്ത്. സഹോദരൻ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത അലി ഖാൻ എന്നിവർക്കൊപ്പമാണ് തീർത്ഥാടനത്തിനായി അവർ മക്കയിലെത്തിയത്. ഉംറയ്ക്കുശേഷം മദീനയിലെത്തി പ്രവാചകന്റെ പള്ളിയും സന്ദർശിച്ചു അവർ.
ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് സാവന്ത് സൗദിയിലെത്തുന്നത്. ഉംറയ്ക്കു പുറപ്പെട്ടതു മുതലുള്ള വിവരങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ആദ്യ ഉംറയ്ക്കായി മക്കയിലേക്കു പോകുകയാണെന്നും വലിയ സന്തോഷത്തിലാണെന്നും വിമാനത്തിൽനിന്നുള്ള ഒരു വിഡിയോയിൽ അവർ പറഞ്ഞു. വലിയ ഭാഗ്യവതിയാണ് താനെന്നും മക്കയിലെത്തിയാൽ എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുമെന്നും അവർ വിഡിയോയിൽ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു.
മക്കയിലെ ഹറം പള്ളിയിൽനിന്നും പ്രവാചകന്റെ പള്ളിയിൽനിന്നെല്ലാമുള്ള ദൃശ്യങ്ങളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. താൻ ഫാത്തിമയാണെന്നും തന്നെ രാഖി എന്നു വിളിക്കരുതെന്നും ഒരു വിഡിയോയിൽ അവർ ആവശ്യപ്പെട്ടു. ഫാത്തിമ എന്നു വിളിക്കൂവെന്നും അവർ പറഞ്ഞു. സഹോദരന്റെ ഭാര്യയോട് ആരാധനാ കർമങ്ങളെക്കുറിച്ചു വിശദമായി ചോദിച്ചറിയുന്നതും ദൃശ്യങ്ങളിൽ കാണാം.
മക്കയിലും മദീനയിലുമെല്ലാം സാവന്തിനെ തിരിച്ചറിഞ്ഞ് നിരവധി ആരാധകർ ചുറ്റുംകൂടുകയും സെൽഫി എടുക്കുകയുമെല്ലാം ചെയ്തു. മദീനയിൽ താമസിച്ച ഹോട്ടലിൽനിന്നു ലഭിച്ച സ്വീകരണവും അവർ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് തീർത്ഥാടനത്തിനുശേഷം അവർ പറഞ്ഞു.
എല്ലാവരും സന്തോഷത്തോടെ കഴിയാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്. അവൻ തന്നെ ഇങ്ങോട്ട് ക്ഷണിച്ചതിൽ ഏറെ ഭാഗ്യവതിയാണു താനെന്നും നടി മനസ്സുതുറന്നു.
Summary: Actress Rakhi Sawant aka Fatima completes her first Umrah after embracing Islam at Makkah's Masjid-al-Haram