അഗ്നിപഥ് പ്രതിഷേധത്തെ പരിഹസിച്ച് നടി രവീണ ടണ്ടൻ; ചുട്ട മറുപടിയുമായി സോഷ്യൽ മീഡിയ

"ശീതീകരിച്ച മുറികളിൽനിന്ന് പുറത്തുവന്ന് കാര്യങ്ങൾ നോക്കിക്കാണണം"

Update: 2022-06-18 06:16 GMT
Editor : abs | By : Web Desk
Advertising

മുംബൈ: കേന്ദ്രസർക്കാറിന്റെ കരാർ സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് നടി രവീണ ടണ്ടൻ. ബിഹാറിലെ അർറയിൽ പ്രതിഷേധിക്കുന്നരുടെ വീഡിയോ പങ്കുവച്ച് '23 വയസ്സുള്ള ഉദ്യോഗാർത്ഥി പ്രതിഷേധിക്കുന്നു' എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.

കുറിപ്പിന് മറുപടിയുമായി നിരവധി പേർ രംഗത്തെത്തി. ശീതീകരിച്ച മുറികളിൽനിന്ന് പുറത്തുവന്ന് കാര്യങ്ങൾ നോക്കിക്കാണണമെന്ന് സ്മൃതി സിങ് എന്ന ട്വിറ്റർ ഉപഭോക്താവ് കമന്റ് ചെയ്തു. പ്രതിഷേധത്തിന് പ്രായപരിധിയില്ലെന്നും സാമാന്യജ്ഞാനം മതിയെന്നും രോഹിത് എന്നയാൾ കുറിച്ചു. 




എന്ത് യുക്തിയാണ് നടിയുടെ പ്രതികരണത്തിൽ ഉള്ളതെന്ന് അരുൺഎസ് എന്നയാൾ പ്രതികരിച്ചു. നാളെ സ്ത്രീകൾക്കെതിരെ നിയമമുണ്ടായാൽ അവർ മാത്രമാണോ പ്രതിഷേധിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. തൊഴിലുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി നടത്തിയ പ്രസ്താവനയും ചിലർ പങ്കുവച്ചു. തൊഴിൽ സൃഷ്ടി നടന്നില്ലെങ്കിൽ രാജ്യത്ത് വലിയ തോതിലുള്ള സാമൂഹിക അശാന്തി ഉണ്ടാകുമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന. 



 



അതിനിടെ, അഗ്നപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. വടക്കേ ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനായി അഗ്നിപഥ് പദ്ധതിയിലുള്ളവർക്ക് സൈന്യത്തിൽ പത്തു ശതമാനം സംവരണം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തു. പ്രായപരിധി 23ൽ നിന്ന് 26 ആക്കാനും ആലോചനയുണ്ട്. നേരത്തെ ഇത് 21 ആയിരുന്നു. രണ്ടു വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.

ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നീ അഞ്ച് പാരാമിലിറ്ററി സേനകളിൽ 73000 തസ്തികകളുടെ ഒഴിവാണ് നിലവിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (സിഎപിഎഫ്) അസം റൈഫിൾസിലും 73,219 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര ഭരണപ്രദേശങ്ങളിലെ പൊലീസ് സേനയിൽ 18,124 ഒഴിവുമുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News