'അവിശ്വാസികളെ മാനിക്കുന്നു, എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്'; വിശദീകരണവുമായി സുരേഷ് ഗോപി
ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റ മതത്തിന്റെ ആചാരങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നവരെ കുറിച്ചാണ് താൻ പറഞ്ഞതെന്നും സുരേഷ് ഗോപി
തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിവാദ പ്രസംഗം വ്യാജമാണെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. 'അവിശ്വാസികളുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണ്. അവിശ്വാസികളായ ആളുകളെ മാനിക്കുന്നു'. ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റ മതത്തിന്റെ ആചാരങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നവരെ കുറിച്ചാണ് താൻ പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'അടുത്ത കാലത്തായി എന്റെ പ്രസംഗത്തിൽ നിന്നും എടുത്ത ഒരു വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അത് എഡിറ്റ് ചെയ്തതാണ്. ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇതിനെ കുറിച്ച് പറയണമെന്ന് തോന്നി. അവിശ്വാസികളുടേയോ നിരീശ്വരവാദികളുടേയോ മൂല്യങ്ങളെയോ, ചിന്തകളെയോ ഞാൻ അനാദരിക്കുന്നില്ല. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ സംസാരിച്ചത്, അവരുടെ വിഷലിപ്തമായ ആഗ്രഹം പൂർത്തീകരിക്കാനായി എന്റെ പ്രസംഗം മുറിച്ച് പ്രചരിപ്പിച്ചതിനെതിരായാണ്. ഭരണഘടന എന്റെ മതത്തിന് അനുവദിച്ചുനൽകിയ ആചാരങ്ങൾക്ക് തടസ്സം നിൽക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് ഞാൻ സംസാരിച്ചത്. ആരെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി ഞാൻ പ്രാർഥിക്കും. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരെ നിന്നവരേയുമാണ് ഞാൻ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദേശ്യവും ആശയവും. രാഷ്ട്രീയ നേട്ടങ്ങൾക്കായി, രാഷ്ട്രീയ പ്രദർശിപ്പിക്കാൻ ആരെയും അനുവദിക്കരുത്. ഞാന്‍ പൂർണമായും അതിനെതിരാണ്. ഞാൻ എന്റെ ഉദ്ദേശം പറയട്ടെ. അതിനെ ആരും വഴിതിരിച്ച് വിടേണ്ട. ഈ പറയുന്നതിൽ ഞാൻ രാഷ്ട്രീയ കലർത്തുന്നില്ല'. സുരേഷ്‌ഗോപി ഇൻസ്റ്റാഗ്രമിൽ കുറിച്ചു.