കാണാൻ ആളു വേണ്ടേ; അക്ഷയ് കുമാർ ചിത്രം പ്രദർശനം നിർത്തുകയാണെന്ന് തിയേറ്ററുടമകൾ
ജൂൺ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജ് തിയേറ്ററിലെത്തിയത്.
മുംബൈ: ആളില്ലാത്തതിനാൽ അക്ഷയ് കുമാർ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദർശനം നിർത്തിവച്ച് തിയേറ്ററുകൾ. പ്രദർശനം തുടരുന്ന തിയേറ്ററുകളിൽ കുറഞ്ഞ ആളുകൾ മാത്രമാണുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഇതുവരെ 59 കോടി രൂപ മാത്രമാണ് കൊട്ടിഗ്‌ഘോഷിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ കളക്ഷൻ. ആദ്യ ആഴ്ച 55 കോടി നേടിയ ചിത്രം വെള്ളിയാഴ്ചയും ശനിയാഴ്ചയും നേടിയത് 3.5 കോടി രൂപ മാത്രമാണ്.
രജപുത് രാജാവ് പൃഥ്വിരാജ് ചൗഹാന്റെ ജീവിതം ഇതിവൃത്തമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററിലെത്തിയത്. ബച്ചൻ പാണ്ഡെയ്ക്ക് ശേഷമുള്ള അക്ഷയ് കുമാറിന്റെ തുടർച്ചയായ രണ്ടാം ഫ്‌ളോപ്പായി മാറി ചിത്രം. 180 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്.
നഷ്ടം ആരു നികത്തുമെന്ന് വിതരണക്കാർ
അതിനിടെ, ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ അക്ഷയ് കുമാറിനെതിരെ വിതരണക്കാർ രംഗത്തെത്തി. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയ്യാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോർട്ടു ചെയ്തു.
'അക്ഷയ് കുമാർ ചെയ്യേണ്ട യഥാർത്ഥ കാര്യമിതാണ് (നഷ്ടം നികത്തൽ). തെന്നിന്ത്യയിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങൾ സഹിക്കാറുണ്ട്. ഹിന്ദി സിനിമയിൽ നിർമാതാക്കളും വിതരണക്കാരും പ്രദർശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാർ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈയിടെയുണ്ടായ പരാജയത്തിൽ ചിലർ പാപ്പരാകുക വരെ ചെയ്തു.' - ബിഹാറിലെ മുഖ്യവിതരണക്കാരിൽ ഒരാളായ റോഷൻ സിങ് വെബ്സൈറ്റിനോട് പറഞ്ഞു.
വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അക്ഷയ് കുമാർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ലെന്ന് മറ്റൊരു വിതരണക്കാരനായ സുമൻ സിൻഹ പ്രതികരിച്ചു. കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണം. അവർക്ക് ബാങ്ക് ബാലൻസിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.