ഒരു സ്ത്രീയെ പ്രണയിച്ചതിന്‍റെ പേരിൽ വേട്ടയാടപ്പെടുന്നു; ആരോപണങ്ങളുമായി സനല്‍കുമാര്‍ ശശിധരന്‍
അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്‍റെ ഗൂഗിൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു
ഒരു സ്ത്രീയെ പ്രണയിച്ചതിന്‍റെ പേരിൽ തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. സർക്കാരിന്‍റെ കയ്യിലെ കളിപ്പാവയാണ് പൊലീസെന്നും കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലം കണ്ട് മൗനം അവലംബിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടത് മുതൽ തന്‍റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചത് കാരണമാണ് ഇതുവരെ പ്രതികരിക്കാൻ കഴിയാതിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഒരു മാഫിയയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന തന്നെ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും സനൽകുമാർ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.
നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സനല്‍കുമാറിനെ കഴിഞ്ഞ മേയില്‍ അറസ്റ്റ് ചെയ്തത്. 2019 മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നു എന്നായിരുന്നു നടിയുടെ പരാതി. നേരിട്ടും, ഫോണിലൂടെയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനാലാണ് നിരന്തരം ശല്യം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ പിന്നീട് സംവിധായകന് ജാമ്യം ലഭിച്ചിരുന്നു.
സനല്‍കുമാറിന്‍റെ കുറിപ്പ്
''അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്‍റെ ഗൂഗിൾ, സോഷ്യൽമീഡിയ അക്കൗണ്ടുകൾ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചു എന്ന ആരോപണവും ഉന്നയിച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. ഞാൻ തന്നെ എനിക്ക് വേണ്ടി വാദിച്ച് തെളിയിക്കേണ്ട ഒന്നല്ല സത്യം. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്‍റെ ക്ഷതങ്ങൾ ഏൽക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് എന്നെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയാണെന്നാണ് വെളിവാകുന്നത്.
അത് എല്ലാ നിയമ സംഹിതകൾക്കും വിരുദ്ധമായിരുന്നു. എനിക്ക് ശവക്കുഴി തോണ്ടാനോ എന്‍റെ ജീവൻ അപഹരിക്കാനോ വേണ്ടിയുള്ള നികൃഷ്ടമായൊരു പദ്ധതി ആയിരുന്നു അത്. പക്ഷേ ഭാഗ്യവശാൽ എന്റെ ഫെയ്സ്ബുക്ക് ലൈവ് അവരുടെ പ്ലാൻ തകർത്തു. അന്ന് അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നേടണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ സർവീസ് റിവോൾവർ കാട്ടി എന്നെ ഭീഷണിപ്പെടുത്തി. ഞാൻ മരണത്തെ ഭയപ്പെട്ടില്ല. ഞാൻ എന്‍റെ വാശിയിൽ ഉറച്ചു നിന്നപ്പോൾ ഒടുവിൽ അവർക്കെങ്ങനെ കോടതിയിൽ ഹാജരാക്കേണ്ടിവന്നു, അങ്ങനെ എനിക്ക് ജാമ്യം ലഭിച്ചു.
എന്‍റെ മൊബൈൽ ഫോണുകൾ അവർ കസ്റ്റഡിയിലെടുത്ത് എന്‍റെ ഗൂഗിൾ അക്കൗണ്ടും സോഷ്യൽമീഡിയയും ഹാക്ക് ചെയ്ത് സെറ്റിങ്സ് മാറ്റിയത് കാരണം എന്‍റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് പറയാൻ എനിക്ക് കഴിഞ്ഞില്ല (എന്റെ ഫോണുകൾ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്). ഞാൻ വിളിച്ചു പറയുന്ന സത്യങ്ങൾ കേട്ടിട്ട് എന്‍റെ ചില സുഹൃത്തുക്കൾ പോലും ഞാൻ ഒരു മനോരോഗിയാണെന്ന് പറയുകയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തെ എന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ കേരളത്തിലെ ഒരു മാഫിയയെക്കുറിച്ചും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഞാൻ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാകും.
സമൂഹമാധ്യമങ്ങളിൽ നിന്നും ഞാൻ അകന്നു നിന്ന രണ്ട് മാസത്തിനിടെ എന്‍റെ ആശങ്കകൾക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തിൽ സംഭവിച്ചു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരെ അപകടത്തിലാക്കുന്ന ഒരു സ്ഥിതിയാണിന്ന് ഉള്ളതെന്ന് ജനങ്ങൾക്കറിയാം. ശബ്ദമുയർത്തുന്ന പലരുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തുകയാണ്.
സർക്കാരിന്‍റെ പൊയ്മുഖം സംരക്ഷിക്കാൻ പൊലീസിനെ ഒരു മറയുമില്ലാതെ കളിപ്പാവകളായി ഉപയോഗിക്കുകയാണ്. എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും മൗനം പാലിക്കുകയാണ്. എനിക്കെല്ലാവരെയും ഇപ്പോൾ നന്നായി മനസ്സിലായി. കാലങ്ങളായി വായ് മൂടിക്കെട്ടി ജീവിക്കുന്നവർക്കെതിരെ ശബ്ദമുയർത്തുന്നവരെ നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഈ സമൂഹത്തെ ആർക്കും സഹായിക്കാനാകില്ല.