ബേസിലിന്റെ സെറ്റിൽ അപ്രതീക്ഷിത അതിഥി; താരമായി സഞ്ജു സാംസൺ
ബേസിലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് സഞ്ജു
ബേസിൽ ജോസഫിനെയും ദർശനാ രാജേന്ദ്രനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ജയ ജയ ജയ ജയഹേ'യുടെ സെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ബേസിലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് സഞ്ജു. അണിയറ പ്രവർത്തകരും താരങ്ങളുമൊത്തുള്ള സഞ്ജുവിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുമ്പാണ് ചിത്രത്തിന്റെ സെറ്റിലെത്തിയത്.
മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് വിപിൻ ദാസ്. ജാനേമൻ എന്ന ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്.
സംവിധായകനും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.