സെൽമോൺ ഗെയിമിന് സ്റ്റേ; സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഹിറ്റ് ആൻഡ് റൺ വിഷയവുമായി ബന്ധമുണ്ടെന്ന് കോടതി
2002 ൽ വഴിയോരത്ത് ഉറങ്ങിക്കിടന്നിരുന്ന അഞ്ച് പേർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവമാണ് ഹിറ്റ് ആൻഡ് റൺ.
സെൽമോൺ ഭോയ് എന്ന ഓൺലൈൻ ഗെയിമിനെതിരെ ബോളിവുഡ് താരം സൽമാൻ ഖാൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ. സൽമാൻ ഖാൻ്റെ ജീവിതത്തിലെ ഹിറ്റ് ആൻഡ് റൺ സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മുംബൈയിലെ സിവിൽ കോടതി സ്റ്റേ നൽകിയത്. 2002 ൽ വഴിയോരത്ത് ഉറങ്ങിക്കിടന്നിരുന്ന അഞ്ച് പേർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവമാണ് ഹിറ്റ് ആൻഡ് റൺ. എന്നാൽ 2015 ൽ ബോംബെ ഹൈക്കോടതി ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.
സൽമാൻ ഖാനെ ആരാധകർ വിളിക്കുന്ന സൽമാൻ ഭായ് എന്നതിനോട് സമാനമാണ് ഗെയ്മിൻ്റെ പേരായ സെൽമോൺ ഭോയ് . കൂടാതെ Driver on the quest to kill എന്ന ഗെയിമിൻ്റെ ടൈറ്റിലും ഗെയിം കളിക്കുന്ന രീതിയും ഹിറ്റ് ആൻഡ് റൺ സംഭവുമായി ബന്ധമുണ്ടെന്ന് നിരീക്ഷിച്ച കോടതി സൽമാൻ ഖാൻ നൽകിയ ഹർജിയെ തുടർന്ന് ഗെയിം പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതിനും കളിക്കുന്നതിനും സ്റ്റേ നൽകുകയായിരുന്നു. പാരഡി സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡാണ് ഗെയിമിൻ്റെ നിർമ്മാതാക്കൾ.
ഗെയിമിൻ്റെ പേരും ചിത്രവും നടനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കോടതി കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കും. എത്രയും വേഗം ഗെയിം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.