ആ ഐക്കോണിക് പോസിന് ഒടുവിൽ റെക്കോർഡും; മന്നത്തിൽ ഷാരൂഖിന് ആരാധകരുടെ 'സർപ്രൈസ്'
പഠാന്റെ ടെലിവിഷൻ പ്രീമിയറിനോടനുബന്ധിച്ച് മന്നത്തിന്റെ ബാൽക്കണിയിൽ താരം പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു റെക്കോർഡിട്ട പ്രകടനം
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്നത് സ്വന്തം വീട് തന്നെയാണ്. താരത്തിന്റെ ജന്മദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും ആരാധകരുടെ ഒഴുക്കാണ് മന്നത്തിലേക്ക്. എപ്പോഴും ആരാധകരുടെ മനസ്സറിഞ്ഞെന്ന വണ്ണം തന്റെ ഐക്കോണിക്ക് പോസും കാട്ടിയാണ് ഷാരൂഖ് മടങ്ങുക. ഇപ്പോഴിതാ ഈ പോസിന് ഒരു റെക്കോർഡും ലഭിച്ചു.
താരത്തിന്റെ പോസ് ഏറ്റവും കൂടുതലാളുകൾ ഒരേ സമയം ചെയ്തു എന്നതാണ് റെക്കോർഡ്. 300ഓളം ആരാധകരാണ് ഷാരൂഖിന്റെ സിഗ്നേച്ചർ പോസ് പുനരാവിഷ്‌കരിച്ചത്. ഇവർക്കൊപ്പം ഷാരൂഖും ചേർന്നു. തന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രം പഠാന്റെ ടെലിവിഷൻ പ്രീമിയറിനോടനുബന്ധിച്ച് മന്നത്തിന്റെ ബാൽക്കണിയിൽ താരം പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു റെക്കോർഡിട്ട പ്രകടനം.
സിനിമ പ്രദർശിപ്പിക്കുന്ന സ്റ്റാർ ഗോൾഡ് ചാനലിന്റെ ഭാഗമായാണ് ആരാധകരെത്തിയത്. ഈ മാസം 18നാണ് ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ.
സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ പഠാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമാണ്. 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. കേരളത്തിലും ചിത്രം വലിയ ഹിറ്റ് ആയിരുന്നു.ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിലെത്തുന്നത്.