"നല്ല നിമിഷത്തിൽ ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു"; സംഗീത ലക്ഷ്മണക്കെതിരെ മാല പാര്‍വതി
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായിരുന്നു
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയ നടി ഭാവനക്കെതിരെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട അഡ്വക്കറ്റ് സംഗീത ലക്ഷ്മണക്കെതിരെ നടി മാല പാര്‍വതി. ഭാവന ചലച്ചിത്ര മേളയുടെ വേദിയിൽ വന്നത് ചരിത്ര മുഹൂർത്തമാണെന്നും ആ നല്ല നിമിഷത്തിൽ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നതായും മാല പാര്‍വതി പറഞ്ഞു.
'വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫർ വെച്ചാൽ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ..... എക്സ്ക്യൂസ് മി യേയ്.' എന്നായിരുന്നു സംഗീത ലക്ഷ്മണയുടെ അശ്ലീലത നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനില്‍ എസ്.ഐ ആയി ചുമതലയേറ്റ ആനി ശിവയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതിന് സംഗീത ലക്ഷ്മണക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ നടി ഭാവന അപ്രതീക്ഷിത അതിഥിയായിരുന്നു. വൈകീട്ട് ആറിന് തിരുവനന്തപുരത്തെ നിശാഗന്ധി തിയറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവനയെത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമായിരുന്നു സദസ് താരത്തെ വരവേറ്റത്. പോരാട്ടത്തിന്‍റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ വൻകരഘോഷങ്ങൾക്കിടെ താരം വേദിയിലെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞു. ഭാവന കേരളത്തിന്‍റെ റോൾ മോഡലാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞു.