ശങ്കര്‍ മോഹനെ കൈവിടാതെ സര്‍ക്കാര്‍; ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ അംഗത്വം
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിച്ചതോടെയാണ് ശങ്കര്‍ മോഹന്‍ ഇടം പിടിച്ചത്
തിരുവനന്തപുരം: ജാതി വിവേചന-അധിക്ഷേപ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന് ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ അംഗത്വം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിച്ചതോടെയാണ് ശങ്കര്‍ മോഹന്‍ ഇടം പിടിച്ചത്. ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ചെയര്‍മാനായും എന്‍. മായ മാനേജിങ് ഡയറക്ടറായും തുടരും.
ഷാജി കൈലാസ്, മാലാ പാര്‍വതി, പാര്‍വതി തിരുവോത്ത്, ബി. ഉണ്ണികൃഷ്ണന്‍, കെ മധു, എം ജയചന്ദ്രന്‍, നവ്യ നായര്‍, എം.എ നിഷാദ്, സമീറ സനീഷ്, ഷെറിന്‍ ഗോവിന്ദ്, ബാബു നമ്പൂതിരി, ഇര്‍ഷാദ്, വി.കെ ശ്രീരാമന്‍, ഡോ.ബിജു, അഡ്വ. മെല്‍വിന്‍ മാത്യൂ തുടങ്ങിയവരും ബോര്‍ഡ് അംഗങ്ങളാണ്. ഷാജി കൈലാസ്, ഷെറി ഗോവിന്ദ് എന്നിവരാണ് പുതിയ ബോര്‍ഡിലും തുടരുന്ന അംഗങ്ങള്‍.
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറടക്ടര്‍ എന്ന നിലയിലാണ് ശങ്കര്‍ മോഹനെ നേരത്തെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഉത്തരവ് ഇറങ്ങിയപ്പോഴേക്കും അദ്ദേഹം സ്ഥാനം ഒഴിഞ്ഞതായാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. ശങ്കര്‍ മോഹന്‍ എന്ന പേരിലാണ് നിയമനം എന്നതിനാല്‍ അദ്ദേഹത്തിന് നിലവില്‍ ബോര്‍ഡില്‍ തുടരാം.
കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവും അധിക്ഷേപവും അടക്കമുള്ള ആരോപണങ്ങളും തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി സമരങ്ങള്‍ക്കും ഒടുവിലാണ് ശങ്കര്‍ മോഹന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവെക്കുന്നത്. പിന്നീട് ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അടൂര്‍ ഗോപാലക്യഷ്ണനും ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.