രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി ഷെർലിൻ ചോപ്ര
മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെല്ലിന് മുമ്പാകെയാണ് നടിയുടെ മൊഴി
മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി ഷെർലിൻ ചോപ്ര. രാജ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മുംബൈ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ ചോപ്ര ആരോപിച്ചത്. 2019 മാർച്ചിലായിരുന്നു സംഭവമെന്നും അവർ വെളിപ്പെടുത്തി.
'2019ലെ തുടക്കത്തിൽ രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജറെ വിളിച്ചു. ഒരു പ്രൊപ്പോസൽ ചർച്ച ചെയ്യാനുണ്ട് എന്നാണ് പറഞ്ഞത്. മാർച്ച് 27ലെ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് എന്നെ ചുംബിക്കാൻ ശ്രമിച്ചു. ഞാൻ പ്രതിരോധിച്ചു. വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. ഞാൻ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി.' - മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെല്ലിന് മുമ്പാകെ നടി നല്‍കിയ മൊഴിയില്‍ പറയുന്നു.
അതിനിടെ, രാജിന്റെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. ചട്ടങ്ങൾ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകൾ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേസിൽ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹർജി വ്യാഴാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇദ്ദേഹം. കഴിഞ്ഞ അഞ്ചു മാസത്തിനിടെ (ഓഗസ്റ്റ്-ഡിസംബർ) മാത്രം പോൺ ആപ്പ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.
രാജ് കുന്ദ്രയുടെയും ഭാര്യ ശിൽപ്പ ഷെട്ടിയുടെയും ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫീസിലും മുംബൈ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സിംഹഭാഗവും അശ്ലീല ഉള്ളടക്കമുള്ള 48 ടെറാ ബൈറ്റ് ഹാർഡ് ഡിസ്‌കുകളാണ് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. കുന്ദ്രയുടെ ആപ്പായ ഹോട്‌സ്‌പോട്ടിൽ നിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട നാലു ജീവനക്കാരെ കേസിൽ പൊലീസ് സാക്ഷികളാക്കിയിട്ടുണ്ട്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്ൾ സ്റ്റോറിൽ നിന്നും നിലവിൽ ആപ്ലിക്കേഷൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പ്ലാൻ ബി എന്ന നിലയിൽ ബോളിഫെയിം എന്ന ആപ്പ് ലോഞ്ച് ചെയ്യാൻ കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നു.
കേസിൽ ശിൽപ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യലിൽ ഹോട്ട്‌സ്‌പോട്ട് ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്. എന്നാൽ ആപ്പിലേത് അശ്ലീലമല്ല, രതിചോദന ഉയർത്തുന്ന ഉള്ളടക്കങ്ങളാണ് എന്നും ശിൽപ്പ മൊഴി നൽകിയിരുന്നു. വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് ഇടക്കാലയളവിൽ ശിൽപ്പ രാജി വച്ചത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.