'90 ലക്ഷം തട്ടി'; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ പുതിയ കേസ്
മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ശില്‍പ-കുന്ദ്ര ദമ്പതികളുടെ മുംബൈയിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ അടുത്തിടെ ഇ.ഡി കണ്ടുകെട്ടിയിരുന്നു
മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ പുതിയ കേസ്. മുംബൈയിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയില്‍നിന്ന് 90 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വ്യാപാരി പൃഥ്വിരാജ് സാരേമല്‍ കോത്താരി നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുംബൈ സെഷന്‍സ് കോടതി.
സ്വര്‍ണ നിക്ഷേപത്തില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്താണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും കൂട്ടാളികളും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയതെന്നാണു പരാതി. 'സത്‌യുഗ് ഗോള്‍ഡ്' എന്നു പേരിട്ട പദ്ധതിയില്‍ വന്‍ വാഗ്ദാനങ്ങളാണു നല്‍കിയിരുന്നത്. വിപണിയിലെ മാറ്റങ്ങള്‍ ബാധിക്കാത്ത തരത്തില്‍ നിശ്ചിത തുക ലാഭം നല്‍കുമെന്നായിരുന്നു ഓഫറെന്നും പരാതിയില്‍ പറയുന്നു.
സ്വര്‍ണ വിപണിയിലെ മുന്‍നിര ഇടപാടുകാരനാണ് പൃഥ്വിരാജ് കോത്താരി. ശില്‍പയുടെയും കുന്ദ്രയുടെയും വാഗ്ദാനങ്ങള്‍ കേട്ട് പദ്ധതിയില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി അദ്ദേഹം വാദിച്ചു. 90,38,600 രൂപ ഇത്തരത്തില്‍ പദ്ധതിയില്‍ നിക്ഷേപിച്ചെങ്കിലും 2019ല്‍ മെച്യുരിറ്റി കാലാവധി എത്തിയിട്ടും സ്വര്‍ണം നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. തന്റെ വാദങ്ങള്‍ക്കുള്ള തെളിവുകളും കോത്താരി ഹാജരാക്കിയിട്ടുണ്ട്. സത്‌യുഗ് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ഒപ്പിട്ട കവര്‍ ലെറ്ററും ഇതില്‍ ഉള്‍പ്പെടും.
മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നുണ്ട് രാജ് കുന്ദ്ര. കേസില്‍ മുംബൈയിലെ ഒരു ഫ്‌ളാറ്റ് ഉള്‍പ്പെടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ശില്‍പ ഷെട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു ഫ്‌ളാറ്റ് എന്നാണു വിവരം.
Summary: Shilpa Shetty, husband Raj Kundra accused of cheating trader of Rs 90 lakh in Gold Scheme