''കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് എല്ലാ ദിവസവും സംഗീത ദിനം തന്നെ''

ലളിത സംഗീതപാഠം എന്ന പേരിലുള്ള ഓണ്‍ലൈന്‍ സംഗീത ക്ലാസിന്‍റെ തിരക്കുകളിലാണ് ഗായിക രാജലക്ഷ്മി

Update: 2021-06-21 05:22 GMT
By : Web Desk
Advertising

കുഞ്ഞ് ഫ്രോക്കിട്ട്, മുടി രണ്ട് ഭാഗം കെട്ടി, ഷൂവും ഷോക്സും ഇട്ട് പാട്ടു പാടുന്ന ഒരാജലക്ഷ്മിയാണ് ഇപ്പോഴും ആളുകളുടെ മനസ്സില്‍ വരുന്ന മുഖം. കഴിഞ്ഞ ഒരു വര്‍ഷമായി ഓണ്‍ലൈന്‍ സംഗീത ക്ലാസിന്‍റെ തിരക്കുകളിലാണ് ഗായിക രാജലക്ഷ്മി. അതുകൊണ്ടുതന്നെ ലോക്ക്ഡൌണിന്‍റെ വിരസതകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും തനിക്ക് എല്ലാ ദിവസവും സംഗീതദിനമായിരുന്നു എന്നും പറയുകയാണ് അവര്‍.

തിരക്കുകള്‍ ഇല്ലാതെയാക്കിയ കോവിഡും ലോക്ക്ഡൌണും, സംഗീത വേദികള്‍ മിസ് ചെയ്യുന്നുണ്ടോ?


കഴിഞ്ഞ ഒന്നര വര്‍ഷമായി സംഗീത വേദികളെല്ലാം മിസ് ചെയ്യുന്നു എന്നത് സത്യമാണ്. കഴിഞ്ഞ ജൂണില്‍, ലളിത സംഗീതപാഠം എന്ന പേരില്‍ ഒരു മ്യൂസിക് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചിരുന്നു. അത് ഉള്ളതുകൊണ്ട് എനിക്ക് എന്നും മ്യൂസിക് ഡേ ആണ്. 70 ഓളം വിദ്യാര്‍ത്ഥികളുണ്ട് ഇപ്പോള്‍. അതുകൊണ്ടുതന്നെ ദിവസം നാലോ അഞ്ചോ മണിക്കൂര്‍ ഞാന്‍ സംഗീതത്തില്‍ തന്നെയാണ്.

ലളിത സംഗീതത്തോട് ഒരല്‍പ്പം ഇഷ്ടക്കൂടുതലുണ്ടല്ലേ?

ചിത്രചേച്ചി, സുജാതചേച്ചി, അരുന്ധതി ചേച്ചി, വേണുച്ചേട്ടന്‍ തുടങ്ങി ഒരുവിധം പിന്നണിഗായകരെല്ലാം ലളിത സംഗീതത്തിലൂടെ തന്നെയാണ് ഈ രംഗത്തേക്ക് വന്നിട്ടുള്ളത്. അന്നൊക്കെ ആകാശവാണിയില്‍ ലളിത സംഗീത പാഠം എന്നൊരു പരിപാടി തന്നെയുണ്ടായിരുന്നു. പ്രഗത്ഭരായ സംഗീത സംവിധായകര്‍ പാട്ടുപഠിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ഈ ലളിത സംഗീതമാണ് നമ്മുടെ മ്യൂസിക് സംസ്കാരത്തിന്‍റെ ഒരു അടിത്തറ പോലും. നാടന്‍ പാട്ടുകളും ഭക്തിഗാനങ്ങളും തരംഗിണിയിലൂടെ കേട്ട ഓണപ്പാട്ടുകളും എല്ലാം ലളിത സംഗീതത്തിലാണ് ഉള്‍പ്പെടുന്നത്. പക്ഷേ എന്തുകൊണ്ടോ സ്കൂള്‍ കലോത്സവങ്ങളും അതിന് ശേഷം വന്ന റിയാലിറ്റി ഷോകളും വന്നപ്പോള്‍ ഞാനെപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ലളിത സംഗീതത്തിന് ഒരു റൌണ്ട് പോലും ലഭിക്കാത്തത് എന്ന്.

ഈ ഇഷ്ടമാണോ ഓണ്‍ലൈന്‍ ലളിത സംഗീത പഠനത്തിന് പിന്നില്‍?

പഠിക്കുന്ന കാലംതൊട്ടെ ലളിത സംഗീതം തന്നെയായിരുന്നു ഇഷ്ടം. കലോത്സവങ്ങളില്‍ മത്സരിച്ചതും ആറേഴ് വര്‍ഷം വേദികളില്‍ പാടിയതും എല്ലാം ലളിതഗാനങ്ങള്‍ മാത്രമായിരുന്നു. ആകാശവാണിയില്‍ അവതരിപ്പിച്ചതും ലളിതഗാനങ്ങള്‍ തന്നെ. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ നീണ്ടുപോയപ്പോള്‍ അതിനെ മറികടക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്. ഞാന്‍ പഠിച്ചത് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക എന്നാണ് കരുതിയത്. പക്ഷേ, തുടങ്ങിയപ്പോള്‍ 65 വയസ്സുള്ളവര്‍ വരെയുണ്ട് ഇപ്പോള്‍ ശിഷ്യന്മാരില്‍. വളരെ നല്ല രീതിയില്‍ അതിപ്പോള്‍ മുന്നോട്ടു പോകുന്നുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയപ്പോള്‍ മനസ്സിലായ മറ്റൊരു കാര്യം ഘനശ്യാമസന്ധ്യാ ഹൃദയം, ഓടക്കുഴല്‍ വിളിയാണെങ്കിലും നമ്മുടെ പഴയ ലളിതഗാനങ്ങളൊന്നും ആരും മറന്നിട്ടില്ല എന്നതാണ്. അത്തരം പാട്ടുകള്‍ പഠിക്കണം എന്ന ആഗ്രഹവും പലരും പങ്കുവെക്കുന്നുണ്ട്.

Full View


Tags:    

By - Web Desk

contributor

Similar News