എസ്.പി.ബി എവിടെപ്പോവാനാണ്? ലോകാവസാനത്തോളമുണ്ടാകും ആ മധുരനാദം

പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയ 39,000ലധികം ഗാനങ്ങള്‍. ഓരോ ഭാഷയില്‍ പാടുമ്പോഴും അവര്‍ക്ക് അവരുടെ പാട്ടുകാരനാണ് എസ്.പി.ബി

Update: 2021-09-25 10:21 GMT
Advertising

നീണ്ട 365 ദിവസങ്ങള്‍....എസ്.പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ ഗായകന്‍ ഇല്ലാത്ത ദിനരാത്രങ്ങള്‍. മറഞ്ഞുപോയിട്ടും ഈണങ്ങളിലൂടെ ജീവിക്കുന്നുവെന്ന് നാം പറയാറുണ്ട്. എസ്.പി.ബിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. എവിടെ പോകാനാണ് എസ്.പി.ബി? ഇവിടെയുണ്ട്...ലോകം എന്നു വരെയുണ്ടാകുമോ അന്നുവരെ ഇങ്ങനെ കാതുകളില്‍ നിന്നും മനസിലേക്ക് ആ സുന്ദരനാദം പെയ്തുകൊണ്ടേയിരിക്കും.

പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയ 39,000ലധികം ഗാനങ്ങള്‍. ഓരോ ഭാഷയില്‍ പാടുമ്പോഴും അവര്‍ക്ക് അവരുടെ പാട്ടുകാരനാണ് എസ്.പി.ബി. മലയാളിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പാടിയ അന്യഭാഷാ ഗാനങ്ങളെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ചില ആരാധകര്‍ പറയും ഒറ്റക്കിരുന്ന്..കണ്ണടച്ച് കേള്‍ക്കണം എസ്.പി.ബിയുടെ പാട്ടെന്ന്..അല്ലെങ്കില്‍ യാത്രകളില്‍ കൂടെക്കൊണ്ടു പോകൂ എസ്.പി.ബിയെ... നമ്മള്‍ ഒരു പാട്ടുമഴയായി പെയ്തുകൊണ്ടേയിരിക്കും. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളായിരുന്നു എസ്.പി.ബിയുടേത്. നാന്‍ ഉനൈ നീങ്കമാട്ടേന്‍..നീങ്കിനാല്‍ തൂങ്കമാട്ടേന്‍...പ്രണയനേരങ്ങളില്‍ ചിലര്‍ക്ക് എസ്.പി.ബിയെത്തുന്നത് ഇങ്ങനെയായിരിക്കും. നിലാവെ വാ..അഞ്ജലി..അഞ്ജലി, എന്‍ കാതലേ..കാതലേ...എസ്.പി.ബിയുടെ പാട്ടുകളെ കുറിച്ച് ചോദിച്ചാല്‍ ആസ്വാദകര്‍ പാട്ടിന്‍റെ ഒരു പെട്ടി തന്നെ അങ്ങു തുറന്നു വയ്ക്കും.

ഇളയരാജക്കൊപ്പം ചേര്‍ന്ന് അദ്ദേഹം നമുക്ക് തന്ന സുന്ദരഗാനങ്ങള്‍ എങ്ങും പോകാതെ ഇങ്ങനെ കാതുകളില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയല്ലേ...ഇളയരാജ മാത്രമല്ല, ഏത് സംഗീതസംവിധായകനൊപ്പം ചേര്‍ന്നാലും എസ്.പി.ബി സംഗീതപ്രേമികള്‍ക്ക് സമ്മാനിക്കുന്നത് എന്നും സൂക്ഷിച്ചുവയ്ക്കാവുന്നൊരു പാട്ടായിരിക്കും. ശങ്കരാ..നാദശരീരാപരാ, മണ്ണില്‍ ഇന്ത, ഇളയനിലാ, സുന്ദരി കണ്ണാല്‍, കേളെടി കണ്‍മണി, കാതല്‍ റോജാവെ....എണ്ണിയാലൊടുങ്ങാത്ത തമിഴ് ഹിറ്റുകള്‍. താരാപഥം ചേതോഹരം എന്ന ഒരൊറ്റ ഗാനം മതി മലയാളികള്‍ക്ക് എസ്.പി.ബിയെ ഓര്‍ക്കാന്‍. യേശുദാസിന് ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് ലഭിച്ച എസ്.പി.ബിയെ ഗാനഗന്ധര്‍വനൊപ്പമാണ് മലയാളി കണ്ടത്. തെലുങ്കര്‍ക്കും കന്നഡക്കാര്‍ക്കും അങ്ങ് ഉത്തരേന്ത്യക്കാര്‍ക്കുമെല്ലാം ഓര്‍ത്തുവയ്ക്കാന്‍ ഒരു പിടി പാട്ടുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അഭിനേതാവ്, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്..കൈ വച്ച മേഖലകളിലെല്ലാം മികവിന്‍റെ എസ്.പി.ബി സ്പര്‍ശമുണ്ടായിരുന്നു.  കൂടെപ്പാടുന്നവരെ തന്നെക്കാള്‍ വലിയവരായി കാണുന്ന എസ്.പി.ബിയെ ഗായകര്‍ പെരിയവരായി കണ്ടു.

2020 ആഗസ്ത് 5നായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് നില വഷളാവുകയും ചെയ്യുകയായിരുന്നു. സെപ്തംബര്‍ 7ന് കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതിനാൽ അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുകയായിരുന്നു. ഈ സമയത്തൊക്കെ ബാലുവിന്‍റെ തിരിച്ചുവരവിന് വേണ്ടി ആരാധകര്‍ പ്രാര്‍ഥനയാഗങ്ങള്‍ നടത്തി. ഒടുവില്‍ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് സെപ്തംബര്‍ 25ന് രാവിലെ അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

'ബാലൂ.... സീക്രമാ എഴുന്തുവാ... ഉനക്കാകെ കാത്തിരിക്കറേന്‍...'  വെന്‍റിലേറ്ററില്‍ മരണവുമായി മല്ലിടുമ്പോള്‍ പ്രിയ ചങ്ങാതി കൂടിയായ ഇളയരാജ തൊണ്ടയിടറി വിളിച്ചിട്ടും കേള്‍ക്കാതെ എസ്.പി.ബി മടങ്ങിയപ്പോള്‍ സംഗീതലോകം തേങ്ങി. ഈ കടലും മറുകടലും ഭൂമിയും വാനങ്ങളും കടന്നു എസ്.പി.ബി പോയെങ്കിലും അദ്ദേഹം പാടിത്തീര്‍ത്ത പാട്ടുകള്‍ ഒരു ദിവസം പോലും കേള്‍ക്കാതിരിക്കാനാവില്ല നമുക്ക്... 

 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News