"റിലീസിനു ശേഷം സ്ഫടികം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല, അതിനൊരു കാരണമുണ്ട്"; ഭദ്രന്‍

രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഫടികം റീ-റിലീസ് ചെയ്യുമെന്ന് ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു

Update: 2022-04-09 11:54 GMT
Editor : ijas
Advertising

റിലീസിനു ശേഷം സ്ഫടികം സിനിമ ഇന്നു വരെ പൂർണമായി കണ്ടിട്ടില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സ്‌ഫടികം സിനിമ റിലീസ് ചെയ്ത് 27 വർഷം പൂർത്തിയായ ദിവസം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന് താഴെ വന്ന വിമര്‍ശനത്തോടാണ് ഭദ്രന്‍റെ പ്രതികരണം. 

"പശു ചത്തിട്ടും മോരിന്‍റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ?"-എന്നതായിരുന്നു വിമര്‍ശന കമന്‍റ്. ആ അഭിപ്രായം എഴുതിയയാളുടെ കമന്‍റ് സത്യസന്ധമായിരുന്നെന്നും സിനിമ റിലീസ് ചെയ്തതിന് ശേഷം പല പിഴവുകളും ആ സിനിമയിലുണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞ് ആ ചിത്രം ഇന്നുവരെ പൂര്‍ണമായും കണ്ടിട്ടില്ലെന്നും ഭദ്രന്‍ പറഞ്ഞു. ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കണമെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ് സ്‌ക്രീനിൽ സിനിമ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും അഭ്യര്‍ത്ഥനകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനത്തില്‍ നിന്നാണ് സ്ഫടികം ഒരിക്കൽക്കൂടി റീലോഡ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി വരും തലമുറക്ക് കൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഫടികം റീ-റിലീസ് ചെയ്യുമെന്ന് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ഫടികത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 2020 ഏപ്രിലിൽ ചിത്രം റീ-റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌൺ വന്നതോടെ ആ പദ്ധതി മാറ്റിവെക്കേണ്ടി വന്നു. കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്ന സാഹചര്യത്തിലാണ് സ്ഫടികത്തിന്‍റെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്‍റെ ഫോര്‍ കെ ട്രെയിലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. കേരളത്തില്‍ 200 ദിവസത്തിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു സ്‌ഫടികം.

Full View

ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്‌ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി.

ആ ചലച്ചിത്രത്തെ വാനോളം സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി.

അതിൽ ഒരു വിരുതന്റെ പോസ്റ്റ്‌ വളരെ രസാവഹമായി തോന്നി.

"പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? "

ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.

സ്‌ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കുക.

ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ.

അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. "എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്.... "

സ്നേഹത്തോടെ

ഭദ്രൻ

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News