കേരള സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം തുറക്കും
പ്രദർശനത്തിന്റെ വരുമാനം നിർമ്മാതാക്കളും സർക്കാരും തമ്മിൽ പങ്കുവെയ്ക്കുന്ന രീതിയിലാകും സര്‍ക്കാരിന്‍റെ പുതിയ സംരംഭം
കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ സിനിമാ റിലീസ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം തുറക്കുന്നു. സിനിമാ മേഖലയെ പുനരജ്ജീവിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടിയെ കുറിച്ച് ആലോചിക്കുന്നത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വകുപ്പ് മന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും
കോവിഡ് രോഗവ്യാപനം തീവ്രമായതോടെ കടുത്ത പ്രതിസന്ധിയിലായ പ്രധാനപ്പെട്ട മേഖലയാണ് സിനിമ. തിയേറ്ററുകള്‍ തുറക്കാതായതോടെ മോഹന്‍ലാല്‍, പൃഥിരാജ്, ഫഹദ് ഫാസില്‍ അടക്കമുള്ള മുന്‍നിര താരങ്ങളുടെ സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്താണ് പ്രതിസന്ധി മറികടന്നത്. എന്നാല്‍ തിയേറ്ററിൽ എത്തിക്കാൻ കഴിയാത്ത അവാർഡ് ചിത്രങ്ങളും ചിത്രാഞ്ജലി പാക്കേജിൽ നിർമ്മിക്കുന്ന ചിത്രങ്ങളും കടുത്ത പ്രതിസന്ധി ഇപ്പോള്‍ നേരിടുന്നുണ്ട്. ഇത്തരത്തില്‍ 125ഓളം ചിത്രങ്ങളാണ് പെട്ടിയില്‍ ഇരിക്കുന്നത്. ഇത് കൂടി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഒടിടിയെ കുറിച്ച് ആലോചിക്കുന്നത്.
സിനിമകൾ നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവിൽ ഒടിടി പ്ലാറ്റ്ഫോം പിന്തുടരുന്നത്. എന്നാൽ ഇതിന് പകരം പ്രദർശനത്തിന്റെ വരുമാനം നിർമ്മാതാക്കളും സർക്കാരും തമ്മിൽ പങ്കുവെയ്ക്കുന്ന രീതിയിലാകും സര്‍ക്കാരിന്‍റെ പുതിയ സംരംഭം. അഞ്ച് കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്.
സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കും. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കുകയും സെപ്റ്റംബറിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കുകയുമാണ് ലക്ഷ്യം. അതേസമയം സിനിമ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന കാര്യമടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.