ഈ ബിജിഎം കേട്ട് രോമാഞ്ചം കൊള്ളാത്തവരുണ്ടോ? കമ്മീഷണറിലെ ആ മാസ്സ് ബിജിഎം പിറന്നത് ഇങ്ങനെ
ഒരു രാത്രി എഡിറ്റിംഗ് കഴിഞ്ഞ് ഏഴെട്ടു മണിയായപ്പോൾ തിരിച്ച് വുഡ്സ് ലാൻഡ് ഹോട്ടലിലേക്ക് പോയി കൊണ്ടിരിക്കുമ്പോൾ ചെന്നൈ നഗരത്തിലെങ്ങും ഒരു മ്യൂസിക്കേ കേൾക്കൂ
കമ്മീഷണര്‍...എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഭരത് ചന്ദ്രന്‍ ഐപിഎസിന് മാത്രമേ മലയാളിക്ക് ഓര്‍മ വരൂ...ഒപ്പം ''മോഹൻ തോമസിന്‍റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്‍റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. ഓർത്തോ, I am Bharath Chandran. Just remember that'' എന്ന സുരേഷ് ഗോപിയുടെ തീപ്പൊരു ഡയലോഗിന് ശേഷമുള്ള ബിജിഎമ്മും. മലയാളിയെ ഇത്രയേറെ രോമാഞ്ചം കൊള്ളിച്ച മറ്റൊരു ബിജിഎമ്മുണ്ടാകില്ല. ആ മാസ്സ് ബിജിഎം പിറന്ന വഴിയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
“മദ്രാസില്‍ ആയിരുന്നു ഡബ്ബിംഗ് വർക്ക്. ഒരു രാത്രി എഡിറ്റിംഗ് കഴിഞ്ഞ് ഏഴെട്ടു മണിയായപ്പോൾ തിരിച്ച് വുഡ്സ് ലാൻഡ് ഹോട്ടലിലേക്ക് പോയി കൊണ്ടിരിക്കുമ്പോൾ ചെന്നൈ നഗരത്തിലെങ്ങും ഒരു മ്യൂസിക്കേ കേൾക്കൂ. അത് സണ്‍ ടി വി ന്യൂസിന്‍റെ ഓപ്പണിംഗ് മ്യൂസിക് ആയിരുന്നു. ആ വിഷ്വൽ എനിക്കിപ്പോഴും ഓർമയുണ്ട്. ഞാനതു റെക്കോർഡ് ചെയ്തെടുത്തു. അത് രാജാമണിക്ക് നല്‍കുകയും ഇതിൽ എന്തേലും മാറ്റങ്ങൾ വരുത്തി ചെയ്തു തരണം എന്നും പറഞ്ഞു. അങ്ങനെ രാജാമണി അയാളുടേതായ സംഗതികളുമൊക്കെ ചേർത്ത് തയ്യാറാക്കിയതാണ് കമ്മീഷണറിലെ ഈ ബി ജി എം,” ക്ലബ് എഫ് എമ്മിനു നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.
1994ലാണ് കമ്മീഷണര്‍ തിയറ്ററുകളിലെത്തിയത്. സുരേഷ് ഗോപിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രമായിരുന്നു ഭരത് ചന്ദ്രന്‍ ഐപിഎസ്. എം.ജി സോമന്‍, മോഹന്‍ തോമസ്,വിജയരാഘവന്‍,ശോഭന, രാജന്‍ പി.ദേവ്, എന്‍.എഫ് വര്‍ഗീസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. കഥ,തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് രഞ്ജി പണിക്കറായിരുന്നു. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന പേരില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. രഞ്ജിയായിരുന്നു സംവിധാനം.