സൂര്യയുടെ ജയ് ഭീം സിനിമയ്ക്ക് വീണ്ടും അംഗീകാരം; ദാദാസാഹേബ് ഫിലിം ഫെസ്റ്റിവലില്‍ 2 പുരസ്‌ക്കാരങ്ങള്‍

തമിഴ്‌നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയുടെയും പാവങ്ങള്‍ നേരിടുന്ന നീതിനിഷേധത്തിന്റെയും പച്ചയായ യാഥാര്‍ഥ്യവും ജയ് ഭീം വരച്ചു കാട്ടിയിരുന്നു.

Update: 2022-05-04 09:22 GMT
Advertising

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു ജയ് ഭീം. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യ, ലിജോമോള്‍, മണികണ്ഠന്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവതകഥ അടിസ്ഥാനമാക്കി എടുത്ത സിനിമയ്ക്ക് അന്താരാഷ്ട്ര നിലയില്‍ തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു പുരസ്‌ക്കാര നേട്ടത്തിന്റെ നിറവിലാണ് ജയ് ഭീം. ദാദാ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ 'ജയ് ഭീം' മികച്ച സിനിമയ്ക്ക് അടക്കം രണ്ട് പുരസ്‌ക്കാരമാണ് ചിത്രം സ്വന്തമാക്കിയത്.

മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരത്തിന് പുറമെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ചിത്രത്തിലെ രാജാക്കണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ സ്വന്തമാക്കി.

സൂര്യയുടെ പ്രൊഡക്ഷന്‍ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. ഒപ്പം തമിഴ്‌നാട്ടിലെ ദുരൂഹമായ ജാതിവ്യവസ്ഥയുടെയും പാവങ്ങള്‍ നേരിടുന്ന നീതിനിഷേധത്തിന്റെയും പച്ചയായ യാഥാര്‍ഥ്യവും ജയ് ഭീം വരച്ചു കാട്ടിയിരുന്നു.

1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ ആദിവാസി യുവാവ് രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - Aswin Raj

contributor

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News