'അഡ്വാൻസ് വാങ്ങും, കോൾഷീറ്റ് നൽകില്ല': 14 മുൻനിര താരങ്ങൾക്കെതിരെ തമിഴ് നിർമാതാക്കൾ
ചില താരങ്ങൾ ബോഡി ഗാർഡുകൾക്കായി അമിത പണം ഈടാക്കുന്നുവെന്നും പരാതിയുണ്ട്
ചെന്നൈ: അഡ്വാൻസ് വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ തമിഴ് നിർമാതാക്കൾ. ജൂൺ 18ന് ചേർന്ന നിർമാതാക്കളുടെ യോഗത്തിലാണ് തീരുമാനം. 14 മുൻനിര താരങ്ങൾക്കെതിരെയാണ് നടപടി.
ചിമ്പു, വിശാൽ, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾ ലിസ്റ്റിലുണ്ടെന്നാണ് വിവരം. അഡ്വാൻസ് വാങ്ങിയ ശേഷം ഡേറ്റ് നൽകാത്തത് കൂടാതെ അമല പോൾ, ലക്ഷ്മി റായ് തുടങ്ങിയ താരങ്ങൾ ബോഡി ഗാർഡുകൾക്കായി അമിത പണം ഈടാക്കുന്നുവെന്നും പരാതിയുണ്ട്. 10 ബോഡിഗാർഡുകളുമായാണ് ഇരുവരും സെറ്റിലെത്തുന്നതെന്നാണ് ആരോപണം. ഷൂട്ടിംഗ് നടക്കവേ തന്റെ ഒരു ചിത്രത്തിൽ നിന്ന് ധനുഷ് ഇറങ്ങിപ്പോയെന്നും പിന്നീട് ചിത്രം പൂർത്തിയാക്കാൻ താൻ ഫിലിം കൗൺസിലിന്റെ സഹായം തേടുകയായിരുന്നുവെന്നും നിർമാതാവും ശ്രീ തെനാൻഡൽ സ്റ്റുഡിയോസ് ഉടമയുമായ മുരളി രാമസ്വാമി ആരോപമുന്നയിച്ചിരുന്നു. തന്റെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം മറ്റ് ചിത്രങ്ങൾ ചെയ്യാൻ ധനുഷിനോട് ആവശ്യപ്പെടണമെന്ന് മുരളി ഇന്നലെ നടന്ന യോഗത്തിൽ ആവശ്യമുയർത്തി.
വിഷയത്തിൽ തമിഴ് ഫിലം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടികർ സംഘവുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. താരങ്ങൾക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്ന് അടുത്തയാഴ്ച ഔദ്യോഗികമായി അറിയിക്കും എന്നാണ് സംഘടനയുടെ നിലപാട്.