'32000 എന്ന സംഖ്യ അല്ല വിഷയം'; കേരള സ്റ്റോറി സംവിധായകന്‍ സുദിപ്‌തോ സെൻ

കേരളത്തിൽ 100 തിയറ്ററുകളില്‍ റിലീസ് ചെയ്യാൻ ആണ് ആഗ്രഹമെന്നും സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തുമെന്നും സുദിപ്‌തോ സെൻ

Update: 2023-05-02 13:52 GMT
Editor : ijas | By : Web Desk
Advertising

ന്യൂഡല്‍ഹി: 32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളതാണെന്ന് 'ദ കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദിപ്‌തോ സെൻ. സത്യം മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ പോകുന്നതെന്നും സുദിപ്തോ സെന്‍ പറഞ്ഞു. കേരളത്തിൽ 100 തിയറ്ററുകളില്‍ റിലീസ് ചെയ്യാൻ ആണ് ആഗ്രഹമെന്നും സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രദര്‍ശനത്തിന് ശേഷമാണ് സംവിധായകന്‍ വിവാദങ്ങളില്‍ പ്രതികരിച്ചത്.

സർവകലാശാല പ്രൊഫസർമാര്‍ അടക്കമുള്ളവര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. പ്രൊഫസർമാർ നിലവിളക്ക് കൊളുത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ വിചാർ മഞ്ചിന്‍റെ പേരില്‍ എ.ബി.വി.പി ആണ് ജെ.എന്‍.യുവില്‍ 'കേരള സ്റ്റോറിയുടെ' പ്രദര്‍ശനം സംഘടിപ്പിച്ചത്. ജെ.എന്‍.യുവിലെ ഓഡിറ്റോറിയം വണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നാല് മണിക്കാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 'ദ കേരള സ്റ്റോറി' സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. സർവകലാശാലാ അധികൃതരുടെ അനുമതിയോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. അതെ സമയം പ്രദര്‍ശനത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധിച്ചു.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന വ്യാജ പ്രചാരണവുമായാണ് 'ദ കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് സിനിമക്ക് പിന്നിലുള്ളവർ അവകാശപ്പെടുന്നത്.

വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News