ഈ ആഴ്ച ഒ.ടി.ടിയില്‍ ഇറങ്ങുന്നത് മൂന്ന് മലയാള ചിത്രങ്ങള്‍; അന്യഭാഷാ ചിത്രങ്ങളും നിരവധി, സമഗ്ര റിലീസ് ചിത്രം ഇങ്ങനെ...
സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രങ്ങളെല്ലാം വിവിധ ഒ.ടി.ടികളിലൂടെ പുറത്തിറങ്ങുന്നത്
ഈ ആഴ്ച ഒ.ടി.ടിയില്‍ ഇറങ്ങുന്നത് മൂന്ന് മലയാള ചിത്രങ്ങള്‍. നീരജ് മാധവും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുന്ദരീ ഗാര്‍ഡന്‍സ് ആണ് ഒ.ടി.ടിയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. ചിത്രം ഡയറക്ട് ഒ.ടി.ടി ആയാണ് പുറത്തിറങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം-അല്‍ഫോണ്‍സ് ജോസഫ്, എഡിറ്റിംഗ്-സജിത്ത് ഉണ്ണികൃഷ്ണന്‍.
സുരേഷ് ഗോപി നായകനായ പാപ്പനും ഈ ആഴ്ച ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. സുരേഷ് ഗോപിയെ സോളോ ഹിറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പന്‍. വാഴുന്നോര്‍ ആണ് ഇതിനുമുമ്പ് ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ നായക ചിത്രം. ക്രൈം ത്രില്ലറായി ഒരുക്കിയ പാപ്പനില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. ചിത്രം സെപ്റ്റംബര്‍ ഏഴിന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തും.
ഷറഫുദ്ദീന്‍-നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി തിയറ്ററില്‍ പുറത്തിറങ്ങിയ 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രമാണ് ഒ.ടി.ടിയില്‍ ഈ ആഴ്ച പുറത്തിറങ്ങുന്ന അടുത്ത ചിത്രം. മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സെപ്റ്റംബർ 2ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യയിൽ മനോരമ മാക്സിലൂടെയും ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ചിത്രത്തിൽ നടൻ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജൂൺ 24നാണ് 'പ്രിയൻ ഓട്ടത്തിലാണ്' തിയറ്ററുകളിൽ റിലീസ് ചെയ്തത്.
ബോളിവുഡ് ചിത്രങ്ങളായ ഏക് വില്ലന്‍ റിട്ടേണ്‍സ്(നെറ്റ്ഫ്ലിക്സ്), കട്ട്പുട്ട്ലി(ഹോട്ട്സ്റ്റാര്‍), ഖുദാഹാഫിസ് 2(സീ 5), കന്നഡ ചിത്രം വിക്രാന്ത് റോണ(സീ 5), തമിഴ് ചിത്രങ്ങളായ കാട്ടേരി(സിമ്പ്ലി സൗത്ത്), മൈ ഡിയര്‍ ഭൂതം(സീ 5) എന്നി ചിത്രങ്ങളും ഈ ആഴ്ച ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രങ്ങളെല്ലാം വിവിധ ഒ.ടി.ടികളിലൂടെ പുറത്തിറങ്ങുന്നത്.