സിക്കിം പ്രളയം; തെലുഗ് നടി സരള കുമാരിയെ കാണാനില്ലെന്ന് പരാതി
അമേരിക്കയിൽ താമസിക്കുന്ന മകൾ നബിതയാണ് പരാതി നല്‍കിയത്
ഹൈദരാബാദ്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ തെലുഗ് നടി സരള കുമാരിയെ കാണാനില്ലെന്ന് പരാതി. അമേരിക്കയിൽ താമസിക്കുന്ന മകൾ നബിതയാണ് പരാതി നല്‍കിയത്. പ്രളയത്തില്‍ കാണാതായ അമ്മയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് നബിത തെലങ്കാന സര്‍ക്കാരിനോട് അപേക്ഷിച്ചു.
ഹൈദരാബാദിൽ താമസിക്കുന്ന താരം അടുത്തിടെ സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് ഒരു യാത്ര പോയിരുന്നു. യാത്രയെക്കുറിച്ച് മകളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഒക്ടോബര്‍ 3നാണ് മകളുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ല. സിക്കിമിലെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്നു സരള കുമാരി താമസിച്ചിരുന്നത്. 1983-ൽ മിസ് ആന്ധ്രാപ്രദേശായിട്ടുള്ള പിന്നീട് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്ത സരള കുമാരി നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അതേസമയം സിക്കിമിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി ആറാം ദിവസവും തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 77 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പലയിടത്തും ചെളി നീക്കിയാണ് തെരച്ചിൽ. ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. രണ്ടായിരത്തിലധികം വിനോദ സഞ്ചാരികൾ ഇപ്പോഴും പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്നും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.