"മികച്ച ചികിത്സ കിട്ടിയെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു": ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ യുവനടന്‍ കോവിഡിനു കീഴടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

Update: 2021-05-09 14:16 GMT
Advertising

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ താഹിർപൂരിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് 35കാരനായ രാഹുലിന്‍റെ മരണം. തന്‍റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മരിക്കുന്നതിനു മുമ്പ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആ കുറിപ്പിലെ വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകരുടെ കണ്ണുനനയ്ക്കുന്നത്. 

"ഞാന്‍ കോവിഡ് പോസിറ്റീവാണ്. നാലു ദിവസമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്‌സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്‌സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ?" ഇക്കഴിഞ്ഞ മെയ് നാലാം തീയതി രാഹുല്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Full View

തന്നെ സഹായിക്കാന്‍ ആരുമില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതുകൊണ്ടാണ് താന്‍ ഈ പോസ്റ്റിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എനിക്കിപ്പോൾ എല്ലാ ധൈര്യവും നഷ്ടപ്പെട്ടു.'- ഇങ്ങനെയായിരുന്നു രാഹുലിന്‍റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്. തന്‍റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിലെ വിവരങ്ങളും മറ്റും ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

Full View

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തില്‍ നമ്മളെല്ലാവരും കുറ്റക്കാരാണെന്നുമാണ് മരണവാര്‍ത്ത ‍സ്ഥിരീകരിച്ച സുഹൃത്തും നടനുമായ അരവിന്ദ് ഗൗര്‍ പ്രതികരിച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News