'താനൂരിലുണ്ടായത് കൂട്ടക്കൊല, ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്'; വിമർശനവുമായി വി.എ ശ്രീകുമാർ
''പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതിവെച്ചാലും അതിൽ കൂടുതൽ കയറാനാണ് ശ്രമിക്കുക''
താനൂരിൽ 22 പേർ മരിക്കാനിടയായ ബോട്ടപകടത്തിൽ വിമർശനവുമായി സംവിധായകൻ വി.എ ശ്രീകുമാർ. താനൂരിൽ നടന്നത് ഒരു കൂട്ടക്കൊലയാണ്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതിവെച്ചാലും അതിൽ കൂടുതൽ കയറാനാണ് ശ്രമിക്കുക. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതൽ കണ്ടതാണ്. ഇത്തരം കൊലപാതകങ്ങൾ ഇനി ആവർത്തിക്കരുത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീകുമാറിന്റെ പ്രതികരണം
ദുരന്തങ്ങളിൽ നിന്നും നമ്മൾ ഒന്നും പഠിക്കാത്തതിന് 22 ജീവനുകൾ ബലി നൽകേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരിൽ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വെച്ചാലും അതിൽ കൂടുതൽ കയറാൻ നാം എല്ലായിടത്തും ശ്രമിക്കും- ലിഫ്റ്റിലായാലും ബസിലായാലും.
കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതൽ കണ്ടതാണ്. പൊലിഞ്ഞ ജീവനുകൾക്ക് ആദരാഞ്ജലി... ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതിൽ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. 'ഇത്രപേരിൽ കൂടരുത് എന്നുള്ള ഒരിടത്തും അതിൽ കൂടരുത്' നിയമവും നിർവ്വഹണവും പാലനവും കർശനമാകണം.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടമുണ്ടായത്. ബോട്ടിന് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തിയാണ് യാത്ര നടത്തിയിരുന്നത്. അനുവദനീയമായ എണ്ണത്തിന്റെ ഇരട്ടി ആളുകളെ കയറ്റിയ ബോട്ട് സൂര്യാസ്തമനത്തിന് ശേഷവും സർവീസ് നടത്തി. ബോട്ട് സർവീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും ഉയർത്തുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് സർവീസ് നടത്തിയതെന്ന് അവർ ആരോപിക്കുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചുവെന്നും നാട്ടുകാർ പറയുന്നു
അപകടത്തിന് പിന്നാലെയാണ് ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ പോയത്. കഴിഞ്ഞ ദിവസം നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടർന്ന് നാസറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് നിന്നാണ് നാസറിനെ പിടികൂടിയത്.