'നമ്മുടെ രാജ്യത്തിന് മുൻപ് മതസ്വത്വമുണ്ടായിരുന്നില്ല; ഇപ്പോൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ താരങ്ങൾക്കു ഭയം'-വിദ്യാ ബാലൻ

മമ്മൂട്ടി 'കാതല്‍' ചെയ്ത പോലെ ഒന്ന് ഹിന്ദി താരങ്ങള്‍ക്ക് ചെയ്യാനാകില്ലെന്നും കേരളത്തിലുള്ളത് കൂടുതൽ സാക്ഷരതയുള്ള പ്രേക്ഷകരാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു

Update: 2024-04-26 16:56 GMT
Editor : Shaheer | By : Web Desk

വിദ്യാ ബാലന്‍

Advertising

മുംബൈ: രാജ്യത്ത് ശക്തമാകുന്ന മതധ്രുവീകരണത്തിൽ ആശങ്ക രേഖപ്പെടുത്തി ബോളിവുഡ് താരം വിദ്യാ ബാലൻ. ഇന്ത്യയ്ക്ക് മുൻപ് ഒരു മതസ്വത്വമുണ്ടായിരുന്നില്ല. രാജ്യം മുൻപെങ്ങുമില്ലാത്ത വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. നടന്മാർക്കെല്ലാം രാഷ്ട്രീയത്തെ കുറിച്ചു പ്രതികരിക്കാൻ ഭയമാണ്. നിരോധനമോ നടപടികളോ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു.

'ദോ ഔർ ദോ പ്യാർ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി 'അൺഫിൽറ്റേഡ് ബൈ സംദിഷ്' എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ മനസ്സുതുറന്നത്. ''രാഷ്ട്രീയം ഭയമാണ്. അവർ നിരോധനവുമെല്ലാമായി വരും. ഭാഗ്യത്തിന് എനിക്ക് ഒന്നും നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, ഇപ്പോൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ താരങ്ങൾക്കു ഭയമാണ്. ആരെയൊക്കെ അതു പ്രകോപിപ്പിക്കുമെന്ന് നമുക്ക് അറിയില്ല.''-വിദ്യ ചൂണ്ടിക്കാട്ടി.

ഇപ്പോഴാണ് ഇത്തരത്തിലൊരു സ്ഥിതിയുണ്ടാകുന്നതെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ കാരണം ഇപ്പോൾ എല്ലാം ജനങ്ങൾക്കു പ്രകോപനമാണ്. എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നു പോലും മനസിലാക്കാതെയാണ് എല്ലാത്തിനെ കുറിച്ചും അവർ സംസാരിക്കുന്നത്. ഭീതിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് വായടച്ചു സ്വന്തം പണിയെടുത്തു പോകുകയാണ് ഇപ്പോൾ നല്ലതെന്നും വിദ്യ പറഞ്ഞു.

''രാജ്യം മുൻപെങ്ങുമില്ലാത്ത വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് മുൻപ് ഏതെങ്കിലുമൊരു മതകീയ സ്വത്വമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ എന്തുകൊണ്ടിങ്ങനെയെന്ന് എനിക്ക് അറിയില്ല. രാഷ്ട്രീയം മാത്രമല്ല, സോഷ്യൽ മീഡിയയുടെ സ്ഥിതിയും ഇതാണ്. നമ്മൾ ഇതിനകത്തുപെട്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് ജൈവികമായി ഇല്ലാത്തൊരു സ്വത്വം തിരഞ്ഞുകൊണ്ടിരിക്കുകയാണ് ആളുകൾ. നമ്മളെ ഏതെങ്കിലും സംഗതികളുമായി ബന്ധിപ്പിക്കാനാണ് നമ്മളിപ്പോൾ നോക്കുന്നത്.''

ഈ ധ്രുവീകരണം കൂടുതൽ വഷളാക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും വിദ്യ പറഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് നമ്മൾ. ഉപരിപ്ലവമായി നമ്മൾ സൗകര്യമുള്ള ഓരോ ആശയങ്ങളുമായും ചേർന്നുനിൽക്കുകയാണ്. ഒരു രാജ്യം മാത്രമല്ല, ലോകമൊന്നാകെ ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഒന്നും അറിയാത്ത കാര്യങ്ങളെ കുറിച്ച് ആളുകളിങ്ങനെ അഭിപ്രായങ്ങൾ പറയുന്നത് കാണാം.

നോട്ടുനിരോധനം സംഭവിച്ചപ്പോഴാണ് 'കഹാനി 2'വിന്റെ പ്രമോഷൻ നടക്കുന്നത്. അന്ന് എല്ലാ മാധ്യമപ്രവർത്തകരും എന്നോട് നോട്ടുനിരോധനത്തെ കുറിച്ചു ചോദിക്കുമായിരുന്നു. നോട്ടുനിരോധനം എന്താണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഇങ്ങനെ സ്വന്തമായി അഭിപ്രായമില്ലാതെയാണ് എല്ലാവരും അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ആത്മീയതയെ കുറിച്ചുള്ള വിചാരങ്ങളും അഭിമുഖത്തിൽ വിദ്യാ ബാലൻ പങ്കുവച്ചു. ആത്മീയതയുടെ കാര്യത്തിൽ മറ്റാരെയും കേൾക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. സ്വന്തം ആത്മാവിനെയാണ് കേൾക്കാറുള്ളതെന്നും അവർ വെളിപ്പെടുത്തി. ആഴത്തിലുള്ള ആത്മീയത പിന്തുടരുന്നുണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ മതത്തെക്കാൾ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങൾക്കാണു പ്രാമുഖ്യം നൽകുന്നതെന്നും അവർ പറഞ്ഞു.

''ഒരു മതസ്ഥാപനത്തിനു വേണ്ടി ആരെങ്കിലും സംഭാവന ചോദിച്ചാൽ ഞാൻ ഒരിക്കലും നൽകില്ല. നിങ്ങളൊരു ആശുപത്രിയോ സ്‌കൂളോ കക്കൂസോ നിർമിക്കുകയാണെങ്കിൽ സന്തോഷത്തോടെ തരാമെന്നു പറയും. മതസ്ഥാപനങ്ങൾക്ക് ഒരിക്കലും സംഭാവന നൽകില്ല.''.

'കാതൽ' ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തെയും കേരളത്തെയും മലയാളികളെയും കുറിച്ചെല്ലാം അവർ വാതോരാതെ സംസാരിക്കുകയും ചെയ്യുന്നുണ്ട് അഭിമുഖത്തിൽ. ''കേരളത്തിലുള്ളത് കൂടുതൽ സാക്ഷരതയുള്ള പ്രേക്ഷകരാണെന്ന കാര്യം അംഗീകരിച്ചേ മതിയാകൂ. അതു വലിയൊരു വ്യത്യാസമാണ്. കേരളത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പൊതുമാനകം തന്നെ വളരെ വ്യത്യസ്തമാണ്. അദ്ദേഹം(മമ്മൂട്ടി) ചെയ്തുവച്ചതിനെ ചെറുതാക്കുകയല്ല ഞാൻ.

പക്ഷേ, അവിടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്. അദ്ദേഹത്തിന്റെ സമൂഹത്തിന്‍റെ പ്രതിഫലനമാണത്. ഇത്തരം കാര്യങ്ങളോട് കൂടുതൽ തുറന്ന മനസുള്ളവരാണ് അവർ. ദക്ഷിണേന്ത്യയിൽ നടന്മാരെ മറ്റെന്തിനെയും പോലെ പൂജിക്കുന്നവരാണവർ. അവരെ ആരാധിക്കുന്നു. പ്രത്യേകിച്ചും പുരുഷ സൂപ്പർസ്റ്റാറുകളെ. അതുകൊണ്ട് അത്തരമൊരു വേഷവുമായി അദ്ദേഹം മുന്നോട്ടുപോയതിനെ കൂടുതൽ പ്രശംസിക്കേണ്ടതുണ്ട്. കാര്യമാണ്. തന്റെ ആണത്തത്തിന്റെ പ്രതിഫലനമാകുമെന്ന് അദ്ദേഹം ചിന്തിച്ചില്ല. കൂടുതൽ സുരക്ഷിതനായ നടനാണ് അദ്ദേഹം.

കാതൽ കണ്ട സമയത്ത് തന്നെ അച്ഛനോട് അഭിനന്ദനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാന് മെസേജ് അയച്ചിരുന്നു. മലയാളത്തിലെ വലിയൊരു സൂപ്പർ സ്റ്റാർ അതിൽ അഭിനയിക്കുക മാത്രമല്ല, ചിത്രം നിർമിക്കുകയും ചെയ്തിരിക്കുകയാണ്. ആ സമൂഹത്തിന് അതിലും വലിയൊരു ആദരവും അംഗീകാരവും ലഭിക്കാനില്ലെന്നാണ് എനിക്കു തോന്നുന്നത്. എന്നാൽ, നിർഭാഗ്യകരമെന്നോണം നമ്മുടെ ഹിന്ദിയിലെ താരങ്ങൾക്കൊന്നും കാതൽ പോലൊരു സിനിമ നിർമിക്കാനാകില്ലെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

Summary: 'As a nation, we did not have a religious identity before, but now I don’t know why': Vidya Balan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News