അനിയന്‍ പിണങ്ങിപ്പോയതു പോലെയെ കരുതുന്നുള്ളൂ, ആരെയും മാറ്റിനിര്‍ത്തില്ല; സൂരജ് സന്തോഷിന്‍റെ രാജിയെക്കുറിച്ച് വിജയ് യേശുദാസ്
രാഷ്ട്രീയ പ്രശ്നമായതിനാലാണ് ഇടപെടാത്തത്
തിരുവനന്തപുരം: സിനിമാഗായകരുടെ സംഘടനയായ സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസില്‍ നിന്നും ഗായകന്‍ സൂരജ് സന്തോഷ് രാജിവച്ചുവെന്ന വാര്‍ത്തയെ തള്ളി സംഘടന. സൂരജ് രാജിക്കത്ത് നല്‍കിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ വികാരത്തിൽ പറഞ്ഞതാണെന്നാണ് കരുതുന്നതെന്നും പ്രസിഡന്‍റ് കെ.എസ് സുധീപ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രശ്നമായതിനാലാണ് ഇടപെടാത്തത്. ഇത് തൊഴിലാളി സംഘടനയല്ല. അംഗങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയ്ക്ക് രാഷ്ട്രീയമില്ല. ചിത്രയും സൂരജും സംഘടനയുടെ ഭാഗമാണ്. രണ്ടുപേരെയും സംഘടന പിന്തുണച്ചില്ലെന്നും സുധീപ് കുമാര്‍ പറഞ്ഞു. അനിയൻ പിണങ്ങി പോയത് പോലെയേ കരുതുന്നുള്ളുവെന്നും ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞു. അത് കുടുംബത്തിനുള്ളിൽ പരിഹരിക്കും. ആരെയും മാറ്റി നിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ.എസ് ചിത്രയെ വിമര്‍ശിച്ചതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സംഘടന തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയായിരുന്നു സൂരജിന്‍റെ രാജി. അവസാനമില്ലാത്ത സൈബര്‍ ആക്രമണമാണ് രണ്ടു ദിവസമായി തനിക്ക് നേരെ ഉണ്ടായതെന്നാണ് സൂരജ് പറഞ്ഞത്. മുന്‍പും സോഷ്യല്‍മീഡിയയിലൂടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതൽ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന കെ.എസ് ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.