നടന്‍ വിജയകാന്തിന്‍റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു
ശസ്ത്രക്രിയക്ക് ശേഷം വിജയകാന്ത് ആശുപത്രിയില്‍ തുടരുകയാണെന്ന് ഡി.എം.ഡി.കെ പാര്‍ട്ടി പത്ര കുറിപ്പിലൂടെ അറിയിച്ചു
ചെന്നൈ: ഡി.എം.ഡി.കെ നേതാവും നടനുമായ ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ മൂന്ന് കാല്‍വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്ത പ്രമേഹ ബാധയെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശത്താല്‍ കാല്‍വിരലുകള്‍ നീക്കം ചെയ്തത്. പ്രമേഹം കൂടിയതിനെ തുടര്‍ന്ന് ശരീരത്തിന്‍റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു. ഇതാണ് വിരലുകൾ പെട്ടെന്ന് മുറിച്ചുമാറ്റാൻ കാരണം. ശസ്ത്രക്രിയക്ക് ശേഷം വിജയകാന്ത് ആശുപത്രിയില്‍ തുടരുകയാണെന്ന് ഡി.എം.ഡി.കെ പാര്‍ട്ടി പത്ര കുറിപ്പിലൂടെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ അറിയിച്ചു.
അസുഖ ബാധയെ തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയിൽ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. തമിഴ് സിനിമയില്‍ താരതിളക്കത്തില്‍ നില്‍ക്കവെ 2005ലാണ് വിജയകാന്ത് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി.എം.ഡി.കെ 8.4 ശതമാനം വോട്ട് കരസ്ഥമാക്കിയിരുന്നു.