'കുടുംബമാവുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും': വിജയ്‌ കോടതിയെ സമീപിച്ചതിനെ കുറിച്ച് പിതാവ്

ചാനലുകള്‍ തങ്ങളുടെ കുടുംബ പ്രശ്നങ്ങളെ അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ചന്ദ്രശേഖര്‍

Update: 2021-09-21 05:51 GMT
Editor : Nisri MK | By : Web Desk
Advertising

താനും മകനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തമിഴ് നടന്‍ വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍.  "ഒരു കുടുംബമാവുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ടാകും, പ്രശ്നങ്ങള്‍ പതിയെ അവസാനിക്കുകയും ചെയ്യും"- ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തന്‍റെ മകന്‍റെ പേരുപയോഗിച്ച് യൂട്യൂബ് ചാനലുകള്‍ പണമുണ്ടാക്കുന്നു. ചാനലുകള്‍ തങ്ങളുടെ കുടുംബ പ്രശ്നങ്ങളെ അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

തന്‍റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്‍റെ മാതാപിതാക്കള്‍ അടക്കമുള്ളവരെ വിലക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടിവ് മെമ്പര്‍മാര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

വിജയ്‌യുടെ പേരില്‍ പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്‍റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വിജയുടെ അച്ഛനും അമ്മയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. തുടര്‍ന്ന് വിജയ് രംഗത്ത് വന്നിരുന്നു. തന്‍റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്‍റെ നിലപാട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News