'ഹിന്ദുക്കൾക്കു വേണ്ടി ഞാൻ പറയുന്നു, നിങ്ങളുടെ വേദന ഞങ്ങളുടേതു കൂടിയാണ്' - ഇന്ത്യൻ മുസ്ലിംകളോട് സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി
ബോളിവുഡിലെ പ്രസിദ്ധമായ വിശാൽ-ശേഖർ സഖ്യത്തിന്റെ ഭാഗമാണ് 48-കാരനായ ദദ്ലാനി
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിംകൾക്ക് സന്ദേശവുമായി സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി. ബോളിവുഡിൽ പ്രസിദ്ധമായ വിശാൽ-ശേഖർ സഖ്യത്തിന്റെ ഭാഗമായ വിശാൽ ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവച്ചത്.
'ഭൂരിപക്ഷം ഇന്ത്യൻ ഹിന്ദുക്കൾക്കും വേണ്ടി ഇന്ത്യയിലെ മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റുള്ളവരുടെ മതങ്ങൾക്കോ ഭീഷണിയല്ല. നമ്മൾ ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്...' - വിശാൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ രാഷ്ട്രീയക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
'എല്ലാ ഇന്ത്യക്കാരോടുമായി എനിക്ക് പറയാനുള്ളത് ഇതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വ്യക്തികെട്ട പ്രകൃതത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അത് ഇന്ത്യക്കാരെ ചെറിച ചെറിയ ഗ്രൂപ്പുകളാണ് വിഭജിക്കുകയാണ്. അവസാനം നാം എല്ലാവരും ഒറ്റപ്പെടും. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണ് അവർ ഇത് ചെയ്യുന്നത്, ജനങ്ങൾക്കു വേണ്ടിയല്ല. അവരെ വിജയിക്കാൻ അനുവദിച്ചൂകൂടാ...'
കംപോസർ, പാട്ടെഴുത്തുകാരൻ, ഗായകൻ എന്നീ നിലകളിൽ പേരെടുത്ത വിശാൽ ദദ്‌ലാനി സുഹൃത്തും സഹപ്രവർത്തകനുമായ ശേഖർ റാവ്ജിയാനിയുമായുള്ള സഖ്യത്തിലൂടെയാണ് ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ഇരുവരും ചേർന്ന വിശാൽ-ശേഖർ മുപ്പതോളം ചിത്രങ്ങൾക്ക് സംഗീതം നൽകി. ഇന്ത്യൻ ഐഡൾ ജൂനിയർ, സാരെഗമപ, വോയ്‌സ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി സംഗീത പരിപാടികളുടെ ജഡ്ജസുമാണ് ഇരുവരും.
48-കാരനായ വിശാൽ ദദ്‌ലാനി മുപ്പതിലേറെ പാട്ടുകൾക്ക് വരികളെഴുതുകയും വ്യത്യസ്ത ജോണറുകളിലായി നൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.