'ഒരൊറ്റ രാജ്യം'- പ്രിയദർശനും വിവേക് അഗ്നിഹോത്രിയും ഒന്നിക്കുന്നു- ആറ് സംവിധായകർ ഒന്നിച്ചൊരു സീരീസ്
കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി
കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും പ്രിയദർശനും ഒന്നിക്കുന്നു. വൺ നേഷൻ' എന്ന ചിത്രത്തിലാണ് ഇരുവരുമുൾപ്പെടെ ആറുപേർ ഒന്നിക്കുന്നത്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രിയദർശനെ കൂടാതെ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ തുടങ്ങിയവരാണ് മറ്റു സംവിധായകർ.
'ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിർത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച, വാഴ്ത്തപ്പെടാത്ത നായകൻമാരുടെ പറയാത്ത കഥകൾ പറയാൻ ആറ് ദേശീയ പുരസ്‌കാര ജേതാക്കൾ ഒന്നിക്കുന്നു'വിവേക് അഗ്‌നിഹോത്രി ട്വിറ്ററിൽ കുറിച്ചു.
വിഷ്ണു വർദ്ധൻ ഇന്ദുരിയും ഹിതേഷ് തക്കറുമാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് അഗ്‌നിഹോത്രി ഇപ്പോൾ ദ വാക്സിൻ വാർ എന്ന ചിത്രമാണ് ചിത്രീകരിക്കുന്നത്.
കശ്മീർ ഫയൽസിന് ശേഷം 'ദ വാക്സിൻ വാർ' എന്ന പുതിയ ചിത്രവും വിവേക് അഗ്‌നിഹോത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരി സമയത്ത് രാജ്യം നിർമിച്ച വാക്‌സിനിൻറെ കഥയാണ് പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കം പതിനൊന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിവേക് അഗ്‌നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയാണ് ചിത്രം നിർമിക്കുന്നത്.