അവസരങ്ങള്‍ ലഭിച്ചില്ല; ബോളിവുഡിലെ ലോബിയിംഗിന്‍റെ ഇരയാണ് താനെന്ന് വിവേക് ഒബ്റോയ്

കുറച്ചു കാലമായി ബിസിനസിലാണ് എന്‍റെ ശ്രദ്ധ

Update: 2024-07-04 05:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: 2002ല്‍ പുറത്തിറങ്ങിയ സാതിയ എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹാര്‍ട്ടത്രോബായി മാറിയ താരമാണ് വിവേക് ഒബ്റോയ്. തമിഴിലെ ഹിറ്റ് ചിത്രം അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാതിയ ബോളിവുഡിലും ഹിറ്റായിരുന്നു. വിവേകിന് നിരവധി ആരാധകരെ സമ്മാനിച്ച ചിത്രം കൂടിയായിരുന്നു സാതിയ.രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വൈബ് സീരിസിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ വിവേക് മലയാളത്തിലും മുഖം കാണിച്ചിരുന്നു. സിനിമകള്‍ വിജയിച്ചിട്ടും തനിക്ക് അവസരങ്ങള്‍ ലഭിച്ചില്ലെന്ന് തുറന്നുപറയുകയാണ് നടന്‍. ഇന്ത്യാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

ബോളിവുഡിലെ ലോബിയിംഗിന്‍റെ ഇരയാണ് താനെന്ന് വിവേക് പറഞ്ഞു. ''കുറച്ചു കാലമായി ബിസിനസിലാണ് എന്‍റെ ശ്രദ്ധ. എൻ്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്‍റെ പ്രകടനം നന്നായിട്ടും എനിക്ക് വേഷങ്ങള്‍ ലഭിച്ചില്ല. നിങ്ങൾ ഒരു സിസ്റ്റത്തിൻ്റെയും ലോബിയുടെയും ഇരയാകുമ്പോൾ നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒന്നുകില്‍ എല്ലാം സഹിച്ച് വിഷാദത്തില്‍ കഴിയുക, അല്ലെങ്കില്‍ അതിനെയെല്ലാം മറികടന്ന് സ്വന്തം വിധിയെഴുതുക. മറ്റൊരു പാത തെരഞ്ഞെടുത്ത് ബിസിനസ് ആരംഭിക്കാനാണ് ഞാന്‍ തീരുമാനിച്ചത്'' വിവേക് പറയുന്നു.

നടി ഐശ്വര്യ റായിയുമായി പ്രണയത്തിലായിരുന്ന സമയത്ത് നടിയുടെ മുന്‍ കാമുകനും നടനുമായ സല്‍മാന്‍ ഖാനെതിരെ വിവേക് പരസ്യമായി രംഗത്തുവന്നിരുന്നു. സല്‍മാന്‍ തന്‍റെ കരിയര്‍ തകര്‍ത്തുവെന്നാണ് വിവേക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. എന്നാൽ താമസിയാതെ കാര്യങ്ങൾ തകിടം മറിഞ്ഞു. സിനിമയിൽ വിവേകിന് അവസരങ്ങള്‍ കുറയുകയും ചെയ്തു. 2006ല്‍ പുറത്തിറങ്ങിയ ഓംകാര എന്ന ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിലും വിവേക് അഭിനയിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News